ഞാന്‍ വീര്‍ സവര്‍ക്കറെക്കുറിച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു, ആരൊക്കെ കൂടെയുണ്ടാവും; രാമസിംഹന്‍

വിഡി സവര്‍ക്കറെക്കുറിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പങ്കുവച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ഇന്നലെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രാമസിംഹന്‍ ഇതേ കുറിച്ച് പറഞ്ഞത്. ഞാന്‍ വീര്‍ സവര്‍ക്കറെക്കുറിച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ ആരൊക്കെ കൂടെയുണ്ടാവും എന്നാണ് അദ്ദേഹം കുറിച്ചത്.

ഇതില്‍ കൈയടിച്ചും പരിസഹിച്ചും നിരവധിപേര്‍ കമന്റുമായി എത്തി. പിന്നാലെ ഈ ആശയത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ ഇന്നും രാമസിംഹന്‍ ഒരു പോസ്റ്റുമായി എത്തി.

ഒരു ഇതിഹാസ പുരുഷനായ സവര്‍ക്കറെക്കുറിച്ച് പഠിക്കാന്‍ അല്‍പ്പം സമയമെടുക്കും. പക്ഷേ അത് തീരുമാനിച്ചു. അല്‍പ്പം സമയമെടുത്ത് കൃത്യമായ ഒരു ഘടനയുണ്ടാക്കണം. എന്നിട്ട് ഏത് രീതിയില്‍ അത് ആവിഷ്‌കാരം നടത്തണമെന്ന് തീരുമാനമെടുക്കാം, എന്നും രാമസിംഹന്‍ കുറിച്ചു. ഇതിന്റെ പ്ലാനിംഗ് നടക്കുമ്പോള്‍ത്തന്നെ ധനസമാഹരണം ലക്ഷ്യമാക്കി വാണിജ്യ സിനിമകള്‍ ചെയ്യാനാണ് തീരുമാനമെന്നും രാമസിംഹന്‍ പറയുന്നു.

അതേസമയം രാമസിംഹന്റെ കഴിഞ്ഞ ചിത്രം 1921 പുഴ മുതല്‍ പുഴ വരെ മാര്‍ച്ച് 3 നാണ് തിയറ്ററുകളില്‍ എത്തിയത്. ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് രാമസിംഹന്‍ ഈ ചിത്രം നിര്‍മ്മിച്ചത്. 1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തിയത് തലൈവാസല്‍ വിജയ് ആയിരുന്നു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാമസിംഹനും തന്റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങള്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു.

നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമായി ആഷിക് അബു പറഞ്ഞത്. അതേസമയം പുതിയ സംവിധായകനെയും താരങ്ങളെയും വച്ച് ‘വാരിയംകുന്നന്‍’ രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുമെന്ന് നിര്‍മ്മാതാക്കളായ കോംപസ് മൂവീസ് അറിയിച്ചിരുന്നു.

Vijayasree Vijayasree :