പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ കെ. രാമചന്ദ്രബാബു അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ കെ. രാമചന്ദ്രബാബു (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വൈകീട്ട് 5.35ഓടെയാണ് മരണം.

പുതിയ സിനിമയുടെ ചര്‍ച്ചകള്‍ക്കായി ശനിയാഴ്ച കോഴിക്കോട്ടെത്തിയതായിരുന്നു. രാത്രി എട്ടോടെ ഹോട്ടല്‍ മഹാറാണിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. ഞായറാഴ്ച രാവിലെയോടെ മൃതദേഹം തിരുവനന്തപുരം പേട്ടയിലെ വസതിയായ ‘ആദിത്യ’യിലെത്തിക്കും. ഉച്ചക്ക് ഒന്നരക്കുശേഷം കലാഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് മൂന്നരക്ക് ശാന്തികവാടത്തിലാണ് സംസ്‌കാരം.

തമിഴ്‌നാട് മധുരാന്തകത്തില്‍ ജനിച്ച രാമചന്ദ്രബാബു മദ്രാസ് ലെയോള കോളജില്‍നിന്നാണ് ബിരുദം നേടിയത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഛായാഗ്രഹണ പഠനം പൂര്‍ത്തിയാക്കി. സഹപാഠി ജോണ്‍ അബ്രഹാമിന്റെ ‘വിദ്യാര്‍ഥികളേ ഇതിലേ ഇതലേ’യിലൂടെ അരങ്ങേറ്റം കുറിച്ചു. നാലുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

1976ല്‍ ദ്വീപ്, 1978ല്‍ രതിനിര്‍വേദം, 1980ല്‍ ചാമരം, 1989ല്‍ വടക്കന്‍ വീരഗാഥ എന്നിവക്കാണ് അവാര്‍ഡ് ലഭിച്ചത്. സമാന്തര സിനിമയിലും വാണിജ്യ സിനിമയിലും ഒരുപോലെ സജീവമായിരുന്ന രാമചന്ദ്രബാബു മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, അറബി, ഇംഗ്ലീഷ് ഭാഷകളിലായി 130ലേറെ സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

സ്വപ്നാടനം, കോലങ്ങള്‍, മേള, നിര്‍മാല്യം, ബന്ധനം, സൃഷ്ടി, അമ്മേ അനുപമേ, ഇതാ ഇവിടെ വരെ, വാടകക്കൊരു ഹൃദയം, നിദ്ര, മര്‍മരം, ഗസല്‍, കന്മദം എന്നിവയാണ് ഛായാഗ്രഹണം നിര്‍വഹിച്ച മറ്റു പ്രശസ്ത ചിത്രങ്ങള്‍. ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ‘പ്രൊഫസര്‍ ഡിങ്കന്റെ’ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല.

Ramachandra Babu

Noora T Noora T :