അമ്മാവന്‍ പവന്‍ കല്യാണിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി രാം ചരണ്‍; തടിച്ചു കൂടി ആരാധകര്‍

നടന്‍ രാം ചരണിന്റെ വാഹനത്തിന് മുന്നില്‍ തടിച്ചു കൂടി ആരാധകര്‍. ജനസേന പാര്‍ട്ടി നേതാവും അമ്മാവനുമായ പവന്‍ കല്യാണിനുവേണ്ടി പിതപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം.

രാം ചരണിനൊപ്പം അമ്മാവന്‍ അല്ലു അരവിന്ദ്, അമ്മ സുരേഖ എന്നിവരും ഉണ്ടായിരുന്നു. രാജമുണ്ട്രി വിമാനത്താവളത്തിലെത്തിയ താരത്തിന് വലിയ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.

രാം ചരണ്‍ എത്തുമെന്ന വിവരം അറിഞ്ഞ് നിരവധി ആരാധകര്‍ രാജമുണ്ട്രി വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. രാം ചരണും കുടുംബവും വഴിയൊരുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടു. താരം സഞ്ചരിച്ചിരുന്ന വാഹനം വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴും തടഞ്ഞുകൊണ്ട് ആരാധകര്‍ തടിച്ചുകൂടി.

രാം ചരണും കുടുംബവും ഇന്ന് ആന്ധ്രാപ്രദേശിലെ ശ്രീ കുക്കുടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. പവന്‍ കല്യാണിന് പിന്തുണ അറിയിച്ച് നടന്‍ എക്‌സില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.’ എന്റെ ബാബ പവന്‍ കല്യാണിന് വേണ്ടി’. എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.

മെഗാസ്റ്റാര്‍ ചിരഞ്ജീവി, അല്ലു അര്‍ജുന്‍, വരുണ്‍ തേജ്, സായ് ദുര്‍ഗ തേജ് തുടങ്ങിയ കുടുംബാംഗങ്ങളും പവന്‍ കല്യാണിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

Vijayasree Vijayasree :