ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു കളിക്കാന്‍ തയാറായിരുന്നു, പക്ഷേ അവര്‍ വിളിച്ചില്ല; തുറന്ന് പറഞ്ഞ് രാം ചരണ്‍

ഓസ്‌കര്‍ പുരസ്‌കാര നേട്ടത്തിലൂടെ ഇന്ത്യന്‍ സിനിമാലോകത്തിന് അഭിമാനമായി മാറിയ ചിത്രമാണ് എസ്എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ആര്‍ആര്‍ആര്‍. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭ്യമായത്.

എന്നാല്‍ ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു ഡാന്‍സുമായി റാം ചരണും ജൂനിയര്‍ എന്‍ടിആറും എത്താതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. ഡാന്‍സ് ചെയ്യാന്‍ താരങ്ങള്‍ തയാറായിരുന്നില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

എന്നാല്‍ഇപ്പോള്‍ ഇതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് രാം ചരണ്‍. ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു കളിക്കാന്‍ തയാറായിരുന്നു എന്നും ആ വിളിക്കായി കാത്തിരിക്കുകയായിരുന്നു എന്നുമാണ് താരം പറഞ്ഞത്.

ഞാന്‍ 100 ശതമാനം റെഡിയായിരുന്നു. ആ വിളിക്കായി കാത്തിരിക്കുകയായിരുന്നു. പക്ഷേ എന്താണ് സംഭവിച്ചത് എന്നറിയില്ല. ഇനി അതേക്കുറിച്ച് പറയാതിരിക്കാം.

ഓസ്‌കര്‍ ചടങ്ങില്‍ പരിപാടി അവതരിപ്പിച്ചവര്‍ വളരെ മനോഹരമായാണ് അത് ചെയ്തത്. പല പരിപാടികളിലും ഞങ്ങള്‍ ആ ഡാന്‍സ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ റിലാക്‌സ് ചെയ്തിരുന്ന് ഇന്ത്യക്കുവേണ്ടി മറ്റുള്ളവര്‍ ചെയ്യുന്നത് കാണേണ്ട സമയമാണ്. അത് ഞങ്ങളുടെ മാത്രമല്ല, ഇന്ത്യയുടെ ഗാനമാണ്. അവരാണ് ഓക്‌സര്‍ റെഡ് കാര്‍പ്പറ്റില്‍ ഞങ്ങളെ എത്തിച്ചത് എന്നും രാം ചരണ്‍ പറഞ്ഞു.

ഓസ്‌കര്‍ ചടങ്ങില്‍ രാഹുല്‍ സിപ്ലിഗുഞ്ചും കാല ഭൈരവയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ബോളിവുഡ് നടി ദീപിത പദുകോണാണ് ഗാനം വേദിയില്‍ അവതരിപ്പിച്ചത്.

Vijayasree Vijayasree :