നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. ദീപ്തി കാരാട്ടാണ് വധു. രാജേഷ് മാധവൻ അഭിനയിച്ച ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ദീപ്തി. ഇരുവരുടേതും പ്രണയവിവാഹമാണ്. ഇതുകൂടാതെ, മറ്റ് മലയാളച്ചിത്രങ്ങളിലും ഹിന്ദി വെബ് സീരീസുകളിലും അസിസ്റ്റന്റ് ഡയറക്ടറായി ദീപ്തി കാരാട്ട് പ്രവർത്തിച്ചിട്ടുണ്ട്.
കില്ലർ സൂപ്പ്, ഇന്ത്യൻ പൊലീസ് ഫോഴ്‌സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യൻ, കെയർഫുൾ തുടങ്ങിയവയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ദീപ്തി കാരാട്ട്. പാലക്കാട് സ്വദേശിയാണ് ദീപ്തി. കാസർകോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. പ്രൊഡക്ഷൻ കൺട്രോളറായി സിനിമയിൽ തുടക്കം കുറിച്ച രാജേഷ് മാധവൻ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തു.
പിന്നീട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും കാസ്റ്റിങ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തു. കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നൽ മുരളി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
പെണ്ണും പൊറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള തയ്യാറെടുപ്പിലാണ് രാജേഷ്. ഇന്ത്യൻ പോലീസ് ഫോഴ്‌സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യൻ, കെയർഫുൾ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറാണ് ദീപ്തി. ത്രിതീയ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിച്ചു.