രോ​ഗമുക്തി നേടാൻ പ്രാർത്ഥിച്ച ദൈവങ്ങളായ എന്റെ ആരാധകർക്ക് നന്ദി; ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യ പ്രതികരണവുമായി രജനികാന്ത്

ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയിൽ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. എന്നാൽ തന്നെയും തന്റെ നിശ്ചയദാർണ്ഡ്യവും കഴിവും കൊണ്ട് രജനികാന്ത് എന്ന നടൻ പടുത്തുയർത്തത് തമിഴ് സിനിമയിൽ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു. ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പർസ്റ്റാർ എന്നാൽ രജികാന്ത് തന്നെയാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തെ ആശുപത്ര്യിൽ പ്രവേശിപ്പിച്ചുവെന്നുള്ള വാർത്ത പുറത്തെത്തിയത്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിന് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടൻ. തന്റെ രോ​ഗം എത്രയും പെട്ടെന്ന് ഭേദമാകട്ടെയെന്ന് പ്രാർത്ഥിച്ച എല്ലാവർക്കും നടൻ നന്ദിയറിയിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ എത്രയും വേ​ഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിച്ച എന്റെ എല്ലാ രാഷ്ട്രീയ സുഹൃത്തുക്കൾക്കും സിനിമാ മേഖലയിൽ നിന്നുള്ളവർക്കും എന്റെ എല്ലാ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പത്രപ്രവർത്തകർക്കും എന്നെ ജീവനോടെ നിലനിർത്തുകയും രോ​ഗമുക്തി നേടാൻ പ്രാർത്ഥിക്കുകയും ചെയ്യുന്ന ദൈവങ്ങളായ എന്റെ ആരാധകർക്കും എന്റെ ആത്മാർത്ഥമായ നന്ദി എന്നാണ് രജനികാന്ത് കുറിച്ചിരിക്കുന്നത്.

കൂടാതെ ആരോ​ഗ്യ വിവരങ്ങൾ നേരിട്ട് വിളിച്ച് അന്വേഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി, തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി, അമിതാഭ് ബച്ചൻ എന്നിവർക്കും രജനികാന്ത് നന്ദി അറിയിച്ചു. പ്രത്യേകം പേരെടുത്ത് പറഞ്ഞ് വ്യത്യസ്ത പോസ്റ്റുകളിലായി ആയിരുന്നു രജനികാന്തിന്റെ നന്ദി.

സെപ്റ്റംബർ 30 നായിരുന്നു രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അ​ദ്ദേഹം. ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലുകളിലൊന്നിൽ വീക്കമുണ്ടെന്നും ഇത് ഇല്ലാതാക്കാൻ അയോർട്ടയിൽ ഒരു സ്റ്റെന്റ് ഇട്ടിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.

Vijayasree Vijayasree :