മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും നമ്മെ വിസ്മയിപ്പിച്ച മഞ്ജു വാര്യർക്ക് ഇന്ന് നാൽപ്പത്തിയാറാം പിറന്നാൾ ആണ്. അഭിനയത്തിന്റെ അമൂർത്തമായ ഭാവങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് കയറിയ മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. മലയാളത്തിൻ്റെ ഈ പ്രിയനടിയെ കുറിച്ചോർക്കുമ്പോൾ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകമാണ് ആരാധകർ പറയാറുള്ളത്.
ഇപ്പോൾ വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് രജനികാന്ത് ആരാധകരും മഞ്ജു ഫാൻസും. ‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന വമ്പൻ താരനിരയുള്ള ഒരു ആക്‌ഷൻ എന്റർടെയ്‌നർ ചിത്രമാണ് വേട്ടയ്യൻ. റിട്ട. പോലീസ് ഓഫിസറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് വിവരം. 32 വർഷങ്ങൾക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയെന്ന പ്രത്യേകത കൂടിയുണ്ട്.
ഈ വേളയിൽ നടൻ രജനികാന്തിനോട് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. തലമുറകൾക്ക് ഇൻസ്പയറിങ് ആവുന്നതിന് രജിനി സർ നിങ്ങൾക്ക് നന്ദി. എന്നും സ്‌നേഹവും ബഹുമാനവും മാത്രം. അതിയന്റെ താര ആയതിൽ അത്രയധികം ഇഷ്ടം തോന്നുന്നു’ എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. ഇൻസ്ററാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതിതകരണം. അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
രജിനികാന്തിന്റെ ഭാര്യയായ താര എന്ന കഥാപാത്രമായിട്ടാണ് വേട്ടയ്യനിൽ മഞ്ജു വാര്യർ എത്തിയത്. ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, റിതിക സിങ്, ദുഷാര വിജയൻ എന്ന് തുടങ്ങി വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. രജനികാന്തിന്റെ 170-ാം ചിത്രമാണ് ഇത്. ലൈക്ക പ്രൊഡക്‌ഷൻസ് ആണ് ചിത്രത്തിന്റെ നിർമാണം.
മലയാളവും കടന്ന് പ്രശസ്തി തെന്നിന്ത്യയൊട്ടാകെ വ്യാപിച്ചു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നായികയാണ്. മലയാളവും കടന്ന് തമിഴിലേക്ക് എത്തിയതോടെ പ്രതിഫലത്തിന്റെ കാര്യത്തിലും മഞ്ജു മറ്റുള്ള മലയാള നടിമാരെ കടത്തിവെട്ടും. 142 കോടി രൂപയാണ് മഞ്ജു വാര്യരുടെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ. ഓരോ സിനിമയ്ക്കും 50 ലക്ഷം മുതൽ ഒരു കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്.
മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് വേട്ടയ്യൻ. ധനുഷ് നായകനായ അസുരൻ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള അരങ്ങേറ്റം. ദേശീയ ശ്രദ്ധ നേടിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അത്രയധികം അഭിമാനമുണ്ട് എന്ന് മഞ്ജു പറഞ്ഞിരുന്നു. അതേസമയം, മലയാളത്തിലും തമിഴിലുമായി നടിയുടെ ഒന്നിലേറെ സിനിമകൾ പുറത്തിറങ്ങാനുണ്ട്. വിടുതലെെ 2, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് സിനിമകൾ.
മലയാളത്തിൽ എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നു. എമ്പുരാന്റെ ഷൂട്ടിംഗ് തകൃതിയായി നടക്കുന്നുണ്ടെന്നും ഈ വരുന്ന പതിനാറാം തീയതി മുതൽ താനും ആ ചിത്രത്തിന്റെ ഭാഗമാകുമെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു. ഫൂട്ടേജ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സെെജു ശ്രീധരനാണ് ചിത്രം സംവിധാനം ചെയ്തത്.
കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനാണ് സൈജു ശ്രീധരൻ. ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത് മാർട്ടിൻ പ്രകാട്ട് ഫിലിംസാണ്. മഞ്ജു വാര്യർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.