ഉച്ച സമയത്ത് അൻവർ റഷീദിന് വന്ന സൗഭാഗ്യം; ഒരാഴ്ച്ച മുന്നേ രാജമാണിക്യത്തിൽ നിന്ന് രഞ്ജിത്ത് പിന്മാറി ; അത് ഇന്നും രഹസ്യം; നിർമ്മാതാവിൻ്റെ വെളിപ്പെടുത്തൽ!

ഇന്നും മമ്മൂട്ടിയുടേതായി മലയാളികൾ ഓർത്തുവെയ്ക്കുന്ന സിനിമയാണ് രാജമാണിക്യം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായി ഈ സിനിമ അറിയപ്പെടുന്നുമുണ്ട്. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം ഇന്നും മിനിക്രീനിലെത്തിയാൽ കാണാത്തവർ ചുരക്കുമാണ്.

മാസും ആക്ഷനും കോമഡിയും മാത്രമല്ല, ആരെയും കരയിപ്പിക്കും വിധമുള്ള സെന്റിമെൻറ്സും സിനിമയിൽ ഉണ്ട്. എല്ലാം നിറഞ്ഞ പക്ക കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് അൻവർ റഷീദ് രാജമാണിക്യം ഒരുക്കിയത്. അൻവർ റഷീദ് എന്ന സംവിധായകന്റെയും നിർമാതാവിന്റെയും ഉദയം കൂടി ആയിരുന്നു ആ ചിത്രം.

ടി എ ഷാഹിദിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ ബെല്ലാരി രാജ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ആടിത്തിമിർത്തത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണ് കൈവരിച്ചത്. മമ്മൂട്ടിക്കൊപ്പം റഹ്മാന്‍, മനോജ് കെ ജയന്‍, സായികുമാർ, രഞ്ജിത്ത്, ഭീമന്‍ രഘു, സലീംകുമാര്‍, പദ്മപ്രിയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

അതേസമയം, ആദ്യം രഞ്ജിത്ത് സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു രാജമാണിക്യം എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം പിന്മാറുകയും മമ്മൂട്ടി അൻവർ റഷീദിനെ സംവിധാനം ചെയ്യാൻ ഏൽപ്പിക്കുകയും ചെയ്തു എന്നെല്ലാമുള്ള കഥകൾ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ, രഞ്ജിത്തിന്റെ പിന്മാറ്റത്തെ കുറിച്ച് രഞ്ജിത്തിന്റെ സുഹൃത്തും നിർമാതാവുമായ സന്തോഷ് ദാമോദരൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ പിന്മാറ്റത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

അദ്ദേഹം പറഞ്ഞ വാക്കുകൾ വായിക്കാം പൂർണ്ണമായി, ” രഞ്ജിത്ത് ആയിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ചന്ദ്രോത്സവം സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് രാജമാണിക്യത്തിന്റെ എഴുത്തൊക്കെ നടക്കുന്നത്. പാലക്കാട് കെല്ല മുഹമ്മദ് എന്ന് പറഞ്ഞ് ഒരാളുണ്ട്. പുള്ളിയെ കണ്ടാണ് കഥ എഴുതിയത്. അയാളുടെ പോത്തുകളെ തന്നെയൊക്കെയാണ് സിനിമയിൽ ഉപയോഗിച്ചത്. അൻവർ റഷീദ് രഞ്ജിത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. രഞ്ജിത്ത് പിന്നീട് മാറി അൻവറിനെ ഏൽപ്പിക്കുകയായിരുന്നു.

മമ്മൂട്ടിയോട് ആണ് രഞ്ജിത്ത് ആദ്യം പറയുന്നത്. ഞാൻ ചെയ്യുന്നില്ല അൻവറിനെ കൊണ്ട് ചെയ്യിക്കാം എന്ന് പറയുകയായിരുന്നു. അൻവറിനെ കൊണ്ട് ചെയ്യിക്കുന്നതിൽ കുഴപ്പമില്ല നീ കൂടെ ഉണ്ടാവണം എന്ന് മമ്മൂക്ക പറഞ്ഞു. പിന്നീട് പ്രൊഡ്യൂസറെ വിളിച്ചു വരുത്തി കാര്യം പറഞ്ഞു.

ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച്ച മുൻപാണ് സംഭവം. രഞ്ജിത്ത് എല്ലാം മുന്നോട്ട് കൊണ്ടുപോയതാണ്. പാട്ടിന്റെ എഴുത്തൊക്കെ തുടങ്ങിയിരുന്നു. അതിനിടയിലാണ് അൻവറിനോട് നീയാണ് ഈ സിനിമ ചെയ്യുന്നത് എന്ന് രഞ്ജിത്ത് പറയുന്നത്.

ഒരു ഉച്ച സമയത്ത് അൻവറിന് വന്ന ഭാഗ്യമാണത്. അയാളുടെ തലവര മാറി. അൻവർ ചെയ്യട്ടെ ഞാൻ കൂടെ നിൽകാം എന്നൊക്കെ പറഞ്ഞാണ് തുടങ്ങിയത്. കുറച്ചു ദിവസം രഞ്ജിത്ത് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. പിന്നീട് അവന് കഴിയും എന്ന് തോന്നിയപ്പോൾ പോയതാണെന്ന് തോന്നുന്നു.

Read More;

ഒറ്റയടിക്ക് വിട്ടെറിഞ്ഞു പോയത് ഒന്നുമല്ല. അങ്ങനെയല്ല. മറ്റൊരാളുടെ സ്ക്രിപ്റ്റ് ചെയ്യുന്നതിലെ ബുദ്ധിമുട്ടാണോ ഇനിയെന്ന് അറിയില്ല. അതോ ഇനി അൻവറിനെ കൊണ്ട് പറ്റും എന്നത് കൊണ്ടാണോ എന്നും വ്യക്തമല്ല,’ സന്തോഷ് ദാമോദരൻ പറഞ്ഞു.

നേരത്തെ രഞ്ജിത്തും എഴുത്തുകാരനും തമ്മിലുള്ള സൃഷ്ടിപരമായ വ്യത്യാസങ്ങള്‍ കാരണം രഞ്ജിത്ത് സിനിമയിൽ പിന്മാറുകയും. അന്‍വറിന്റെ കഴിവില്‍ മമ്മൂട്ടിക്ക് ആത്മ വിശ്വാസമുണ്ടായിരുന്നത് കൊണ്ട് അൻവറിനെ ഏൽപ്പിക്കുകയുമായിരുന്നു എന്നാണ് വാർത്തകൾ വന്നത്. എന്തായാലും ചിത്രം ഇന്നും ആഘോഷിക്കപ്പെടുന്ന മമ്മൂട്ടിയുടെ ബ്ലോക്ബസ്റ്റർ ഹിറ്റുകളിൽ ഒന്നായി മാറി.

about Rajamainikhyam

Safana Safu :