കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേര്‍ന്ന് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഊര്‍മിള മണ്ഡോദ്കര്‍. ജമ്മു കശ്മീരില്‍ അവസാന ഘട്ടത്തിലൂടെ മുന്നേറുന്ന യാത്രയില്‍ ചൊവ്വാഴ്ചയാണ് ഊര്‍മിളയും പങ്കുചേര്‍ന്നത്.
‘താരങ്ങള്‍ ചേരുമ്പോള്‍ യാത്ര കൂടുതല്‍ തിളങ്ങും’ എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. മാര്‍ച്ച് ആരംഭിച്ചതുമുതല്‍ പല പ്രമുഖരും ഭാരത് ജോഡോ യാത്രയെ അനുഗമിച്ചിരുന്നു. കോണ്‍ഗ്രസിനു പുറത്തുള്ള നിരവധി പേരാണ് യാത്രയില്‍ പങ്കുചേര്‍ന്നത്.
നടി പൂജ ഭട്ട്, മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യാത്രയില്‍ പങ്കാളികളായി. കഴിഞ്ഞ മാസം കമല്‍ ഹാസനും യാത്രയില്‍ പങ്കെടുത്തിരുന്നു.
രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കുന്ന ദൃശ്യങ്ങള്‍ ഊര്‍മിള മണ്ഡോദ്കറും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘ഐക്യത്തിനും അടുപ്പത്തിനും തുല്യതക്കും സാഹോദര്യത്തിനും വേണ്ടിയുള്ള നടത്തം’ എന്ന തലക്കെട്ടോടുകൂടിയാണ് വിഡിയോ പങ്കുവെച്ചത്.