രാഹുലിന് രണ്ട് വാഴ പഴം വരുത്തി വെച്ച വിനയേ, പണി തിരിച്ചു കൊടുത്ത് താരം

രണ്ടു പഴത്തിനു ജി എസ് ടി ഉൾപ്പെടെ 442 രൂപയുടെ ബില്ലിട്ട ഹോട്ടലിനെതിരെ പിഴ ചുമത്തി ഛണ്ഡീഗഡ് എക്സൈസ് ആൻഡ് ടാക്സേഷൻ വിഭാഗം. 25,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.പഴങ്ങള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവയായിട്ടും അതിന് നികുതി ഈടാക്കിയതിനാണു പിഴ.
അഭിനേതാവ് രാഹുൽ ബോസാണ് ഹോട്ടലിന്റെ കഴുത്തറപ്പൻ വില വിവരം പുറത്തു വിട്ടത്. സംഭവത്തെക്കുറിച്ചു രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചതിനു പിന്നാലെയാണ് ഉന്നതതല അന്വേഷണം നടന്നത്.

സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചണ്ഡീഗഢിലെ പഞ്ചനക്ഷത്ര ഹോട്ടലായ മാരിയറ്റിൽ ഹോട്ടലിലെ ജിമ്മില്‍ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ താരം പഴത്തിന് ഓർഡർ ചെയ്തിരുന്നു. ഉടൻ തന്നെ പഴം എത്തിയെങ്കിലും അതിന്റെ കൂടെ വന്ന ബില്ല് രാഹുലിന്റെ കണ്ണ് തള്ളിക്കുകയായിരുന്നു. തുടർന്ന് സംഭവം വീഡിയോ ആക്കി ഉടൻ തന്നെ തന്റെ സോഷ്യൽ മീഡിയയിൽ ഇടുകയും ചെയ്തു. അധിക്ഷേപിക്കുകയോ മോശം വാക്കുകൾ ഉപയോഗിക്കുകയോ ചെയ്യാതെ വളരെ മാന്യമായുള്ള ഒരു പോസ്റ്റായിരുന്നു രാഹുലിട്ടത്.

375 രൂപയാണ് രണ്ട് പഴങ്ങളുടെ വില. ജി.എസ്.ടി കൂടി ചേര്‍ക്കുമ്പോള്‍ 442 രൂപയാകും. റോബസ്റ്റ് വിഭാഗത്തില്‍പ്പെട്ട പഴമാണിതെന്നാണ് ദൃശ്യങ്ങളില്‍നിന്നു ലഭിച്ച സൂചനകള്‍. താരതമ്യേന റോബസ്റ്റ പഴത്തിന് വില കുറവാണ്. അധികം വൈകാതെ തന്നെ #goingbananas എന്ന ഹാഷ്ടാഗില്‍ ഉള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. #goingbananas ട്രെൻഡ് ആവുകയും ചെയ്തു.

ട്വീറ്റിന് താഴെ ഒട്ടനവധി പേര്‍ അവരുടെ അഭിപ്രായവുമായി രംഗത്തെത്തി. പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇത്രയും വില ഈടാക്കുന്നത് പതിവാണെന്നും സാധാരണക്കാര്‍ അല്ലല്ലോ അവിടെ താമസിക്കുന്നതെന്നും ചിലര്‍ ചോദിച്ചു. മറ്റു ചിലരാകട്ടെ ഇത് വലിയ കൊള്ളയാണെന്ന് അഭിപ്രായപ്പെട്ടു. സംഭവം പുറംലോകത്തെ അറിയിച്ച രാഹുല്‍ ബോസിന് അഭിനന്ദനവുമായി നിരവധി പേര്‍ രംഗത്തെത്തി.

ഇതിന് പിന്നാലെയാണ് അധികൃതരുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ജിഎസ്ടി ആക്ടിന്റെ പതിനൊന്നാം വകുപ്പ് ലംഘിച്ചതിന്റെ പേരിലാണ് ഹോട്ടൽ അധികൃതർക്ക് പിഴ ഈടാക്കിയിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട വസ്തുക്കൾക്ക് നികുതി ഈടാക്കുന്നത് കുറ്റകരമാണ്.

ഫ്രെഷ് ഫ്രൂട്ട് വിഭാഗത്തിൽ ഉൾപ്പെടുന്ന പഴങ്ങൾ നികുതി മുക്തമാണ്. ഇത് അവഗണിച്ച് ഏത്തപ്പഴത്തിന് അമിത തുക ഈടാക്കിയ ഹോട്ടലിന് കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

rahul bose- banana- fine

Noora T Noora T :