പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അപർനദി. ഇപ്പോഴിതാ നടിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് സുരേഷ് കാമാക്ഷി. അപർനദി നായികയാകുന്ന ‘നരകപ്പോർ’ സിനിമയുടെ പ്രസ്മീറ്റിൽ വച്ചാണ് സുരേഷ് കാമാക്ഷിയുടെ വെളിപ്പെടുത്തൽ.
സിനിമയുടെ പ്രമോഷനൽ പരിപാടിക്കു വരുന്നതിന് മൂന്ന് ലക്ഷം രൂപ നടി അധികമായി ചോദിച്ചുവെന്നും പ്രസ്മീറ്റിൽ തന്റെ സീറ്റിനടുത്ത് ആര് ഇരിക്കുമെന്നതും താൻ തന്നെ തീരുമാനിക്കുമെന്ന നിബന്ധനയും നടി മുന്നോട്ട് വെച്ചതായാണ് രുരേഷ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
‘അപർനദി ഈ പരിപാടിയ്ക്കു വന്നിട്ടില്ല. ഈ പ്രവണത ഇപ്പോൾ തമിഴ് സിനിമയിൽ കൂടി വരുകയാണ്. താരങ്ങൾക്ക് ഇപ്പോൾ പ്രമോഷനു വരാൻ മടിയാണ്. അപർനദിയെ വിളിച്ചപ്പോൾ അവർ പറഞ്ഞത്, പ്രമോഷന് വേറെ കാശ് തരണമെന്നാണ്, 3 ലക്ഷം രൂപയാണ് നടി ചോദിച്ചത്. ഇതുകേട്ട ഉടനെ ഞാൻ അപർനദിയെ വിളിച്ചു. സിനിമയുടെ അവസ്ഥ തന്നെ വളരെ മോശമാണ്. ഒരു സിനിമ എടുത്ത് അത് റിലീസ് വരെ എത്തിക്കുന്നത് വലിയ കഷ്ടപ്പാടുള്ള കാര്യമാണ്.
അതിനിടെ നിങ്ങളെപ്പോലുള്ളവർ പ്രമോഷനും എത്തിയില്ലെങ്കിൽ അത് സിനിമയ്ക്കു ദോഷമായി ബാധിക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ ‘ഇല്ല ഞാൻ വരില്ല’ എന്ന് തന്നെ നടി ഉറപ്പു പറഞ്ഞു. പിന്നീട് രണ്ട് മൂന്ന് നിബന്ധനകൾ കൂടി അവർ വച്ചു. സ്റ്റേജിൽ ആരുടെ കൂടെ ഇരിക്കണമെന്നത് ഞാൻ തീരുമാനിക്കും, സ്റ്റേജിൽ ആരൊക്കെ ഉണ്ടാകും എന്നത് നേരത്തെ അറിയിക്കണം.
തന്റെ തുല്യ സ്ഥാനമുള്ളവർ മാത്രമാകണം കൂടെ ഇരിക്കേണ്ടത് എന്നൊക്കെയായിരുന്നു നടി മുന്നോട്ട് വെച്ച നിബന്ധന. ഇത് കേട്ടതോടെ എനിക്ക് ഭയങ്കരമായി ദേഷ്യം വന്നു. അതോടെ നടികർ സംഘത്തിൽ നടിയ്ക്കെതിരെ പരാതികൊടുത്തിട്ടുണ്ട്. രണ്ട് ദിവസം കഴിഞ്ഞ് അപർനദി തിരിച്ചുവിളിച്ചു.
‘സർ തെറ്റുപറ്റിപ്പോയി, ആരെന്ന് അറിയാതെയാണ് അങ്ങനെ സംസാരിച്ചത്’ എന്നൊക്കെ പറഞ്ഞു. സാരമില്ല, സിനിമയെ പിന്തുണയ്ക്കുൂ. അവരെ സഹായിക്കൂ എന്ന് ഞാൻ മറുപടി പറഞ്ഞു. പക്ഷേ അണിയറ പ്രവർത്തകർ പിന്നീട് നടിയെ വിളിച്ചെങ്കിലും അവർ പരിധിയ്ക്കു പുറത്തായിരുന്നു. പരിധിയ്ക്കു പുറത്തു തന്നെ ഇരിക്കട്ടെ, തമിഴ് സിനിമയ്ക്കു ഇങ്ങനെയുള്ള നടിമാരെ ആവശ്യമില്ല എന്നാണ്സു രേഷ് കാമാക്ഷി പറയുന്നത്.