വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയങ്ക അനൂപ്. പരിഭവം പാർവതി എന്ന ഒറ്റ സീരിയലിലൂടെ തന്നെ നിരവധി പേരുടെ പ്രീതി സമ്പാദിക്കുവാൻ താരത്തിനായി. ഇടയ്ക്കിടെ താരത്തിന്റേതായി പുറത്തെത്താറുള്ള വാർത്തകളെല്ലാം തന്നെ വലിയ തോതിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു യൂട്യൂബ് ചാനൽ അവതാരകൻ അമ്മ സംഘടന, ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നിവയെ കുറിച്ച് ചോദിക്കാൻ തുടങ്ങിയപ്പോൾ തന്നെ നടി രോഷാകുലയായി പരിപാടിയിൽ നിന്നും ഇറങ്ങിപ്പോകാൻ തുടങ്ങുകയായിരുന്നു. താരത്തിന്റെ പുതിയ സിനിമയായ കുട്ടൻറെ ഷിനിഗാമിയുടെ പ്രമോഷന് എത്തിയപ്പോഴായിരുന്നു സംഭവം.
അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് എന്നോട് ചോദിക്കരുത്. അതിൽ എനിക്ക് എതിർപ്പുണ്ട്. സിനിമയുടെ കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് വന്നിരിക്കുന്നത്. തീ കത്തുന്നിടത്ത് കൂടുതൽ വാരിയിട്ട് കത്തിക്കാൻ നോക്കരുത് എനിക്ക് താൽപര്യമില്ല. അമ്മയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചാൽ എന്റെ കയ്യിൽ നിന്നും ഉത്തരം കിട്ടില്ല. എനിക്കും ചിലത് പറയാനുണ്ട്. പക്ഷെ ഇപ്പോഴല്ല.
ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള സാഹചര്യവുമല്ല. വാതിലിൽ ആരെങ്കിലും മുട്ടിയാൽ മുട്ടിയവരുടെ കൈ ഒടിക്കാനുള്ള കഴിവ് എനിക്കുണ്ട്. കുടുംബമായി ജീവിക്കുന്നൊരാളാണ് ഞാൻ. അതുകൊണ്ട് എനിക്ക് പറയാനുള്ളത് പറയും മുമ്പ് ആലോചിക്കണം… സമയം വേണം. താരസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളും പറയും. ഒരു മാവിൽ നൂറ് മാങ്ങയുണ്ടാകും.
അതിൽ നാലോ, അഞ്ചോ മാങ്ങ ചീഞ്ഞുവെന്ന് കരുതി മൊത്തം ആളുകളെയും കല്ലെറിയാൻ നിൽക്കരുത്. പ്രതികരിക്കേണ്ടതിന് അപ്പോൾ തന്നെ പ്രതികരിക്കുക. ഇപ്പോൾ ഇതും പറഞ്ഞ് നമ്മളെയൊക്കെ അടിച്ച് താഴ്ത്തി വെച്ചിരിക്കുകയാണ്. ജനങ്ങൾ പറയുന്നത് മുഴുവൻ കേൾക്കുന്നത് നമ്മളാണ്.
അമ്മ സംഘടനയെ ബഹുമാനിക്കുന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. എനിക്ക് ഇപ്പോഴും ആ ബഹുമാനം അമ്മ സംഘടനയോടുണ്ട്. അതുകൊണ്ടാണ് മൗനം പാലിക്കുന്നതും. അമ്മ സംഘടന വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. എന്റെ കയ്യിലുള്ള ബോംബ് പൊട്ടിക്കേണ്ട സമയത്ത് ഞാൻ പൊട്ടിച്ചിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം മലയാള സിനിമാ മേഖലയിൽ സമാന്തര സംഘടനയായി പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ വരുന്നുവെന്ന വാർത്തകളും പുറത്തെത്തിയിരുന്നു. തൊഴിലാളികളുടെ ശാക്തീകരണമാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് സംഘടനയുടെ ലക്ഷ്യം. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്ന കത്ത് സിനിമ പ്രവർത്തകർക്കിടയിൽ നൽകിത്തുടങ്ങിയിട്ടുണ്ട്.
‘സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളിൽ വേരൂന്നിയ ഈ സംഘടന, തൊഴിലാളികളുടെയും നിർമ്മാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രയത്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പിന്നണിപ്രവർത്തകർ എന്ന നിലയിൽ നമ്മളാണ് ഈ വ്യവസായത്തെ രൂപകല്പന ചെയ്യുന്നത്. അതിനാൽ തന്നെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്ന തൊഴിലിടങ്ങൾ സൃഷ്ടിക്കാനും, നമ്മുടെ സംരംബങ്ങൾ സുസ്ഥിരവും ധാർമ്മികവുമാണെന്ന് ഉറപ്പുവരുത്താനുമുള്ള ബാധ്യത നമുക്കണ്ട്. ഒട്ടും എളുപ്പമല്ലെങ്കിലും ഈ മാറ്റം അത്യന്താപേക്ഷിതമാണ്.
പരസ്പര പിന്തുണയിലൂടെയും ഐക്യദാർഢ്യത്തിലൂടെയും മാത്രമേ ഇത് കൈവരിക്കാനാവുകയുള്ളു. നമുക്കൊരുമിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാം. സർഗ്ഗാത്മകമായ മികവിലും വ്യവസായിക നിലവാരത്തിലും മുൻപന്തിയിലേക്ക് അതിനെ നയിക്കാം എന്നുമാണ് കത്തിൽ പറയുന്നത്.