എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നൊരു സിനിമ എന്നൊന്നില്ല, അതുപോലെത്തന്നെ ആര്‍ക്കും ഇഷ്ടപ്പെടാത്തൊരു സിനിമയുമുണ്ടാകില്ല; വിജയപരാജയങ്ങള്‍ തന്നെ ബാധിക്കാറില്ലെന്ന് പ്രിയദര്‍ശന്‍

മലയാളികള്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് പ്രിയദര്‍ശന്‍. ഇപ്പോഴിതാ മോശമാകില്ലെന്ന പ്രതീക്ഷയിലാണ് എല്ലാ കാലത്തും സിനിമകള്‍ ഒരുക്കിയതെന്ന് പറയുകയാണ് അദ്ദേഹം. ഈ നാല്‍പ്പത്തിരണ്ടു വര്‍ഷത്തിനിടെ വിജയപരാജയങ്ങള്‍ ഒരുപാട് കണ്ടു, അതുകൊണ്ടുതന്നെ അത് തന്നെ ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കാഴ്ചപ്പാടില്‍, എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നൊരു സിനിമ എന്നൊന്നില്ല. അതുപോലെത്തന്നെ ആര്‍ക്കും ഇഷ്ടപ്പെടാത്തൊരു സിനിമയുമുണ്ടാകില്ല. കൂടുതല്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടാല്‍ സിനിമ വിജയിക്കുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. സിനിമ ഇറങ്ങിയാല്‍ നിരൂപണങ്ങളുണ്ടാകും.

നിരൂപണം എന്നതൊരു അഭിപ്രായമാണ്, ഒരു സിനിമകാണുമ്പോള്‍ എനിക്കും എന്റേതായ അഭിപ്രായമുണ്ടാകും. കോളേജില്‍ പഠിക്കുന്നകാലത്ത് റിലീസ്ദിവസംതന്നെ തിയേറ്ററില്‍ ഫസ്റ്റ് ഷോയ്ക്ക് വരിനില്‍ക്കുമ്പോള്‍ മാറ്റിനി കണ്ടിറങ്ങിയവര്‍ ടിക്കറ്റിനായി കാത്തുകെട്ടിക്കിടക്കുന്നവരെ നോക്കി വിളിച്ചുപറയും ”നിനക്കൊന്നും വേറെ പണിയില്ലേ… വീട്ടില്‍ പോകുന്നതാ നല്ലത്…” അതുകേള്‍ക്കുമ്പോള്‍ വരിയില്‍നിന്ന് കുറച്ചുപേര്‍ ഇറങ്ങിപ്പോകും.

മറ്റുചിലപ്പോള്‍ ”കാശ് മൊതലാകുംട്ടോ…” എന്നാകും പടം കണ്ടുവരുന്നവരുടെ കമന്റ്. ആ ഡയലോഗ് കേള്‍ക്കുമ്പോള്‍ ടിക്കറ്റെടുക്കാന്‍ നില്‍ക്കുന്നവര്‍ക്ക് ആവേശം കൂടും. ഇതെല്ലാം പലതരം അഭിപ്രായപ്രകടനങ്ങളാണ് എന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി. പുതിയകാലത്ത് സോഷ്യല്‍ മീഡിയകളിലൂടെ കമന്റുകള്‍ വേഗത്തില്‍ സഞ്ചരിക്കുന്നു എന്നുമാത്രം.

തന്റെ ജീവിതമാര്‍ഗം സിനിമ എടുക്കുകയെന്നതാണ്, ചിലരുടെ ജോലി നിരൂപണം നടത്തുക എന്നതാകും. അവര്‍ അവരുടെ ജോലിചെയ്യുന്നു, ഞാനെന്റെ പണിയെടുക്കുന്നു. സംവിധാനത്തിലേക്കിറങ്ങിയ കാലംമുതല്‍ മുറുകെപ്പിടിച്ചൊരു വിശ്വാസം, സിനിമയുടെ വിജയവും പരാജയവും മൗത്ത് പബ്ലിസിറ്റിയിലൂടെ നടക്കുന്നു എന്നതാണ്.

പ്രേക്ഷകരുടെ അഭിപ്രായത്തിനാണ് പ്രാധാന്യം. എത്ര കൊട്ടിഘോഷിച്ച്, എങ്ങനെയൊക്കെ അവതരിപ്പിച്ചാലും ആദ്യ ഷോ കഴിയുന്നതോടെ അഭിപ്രായം വന്നുതുടങ്ങും. കൂടുതല്‍പ്പേര്‍ക്ക് ഇഷ്ടപ്പെട്ട പടം വിജയമായിമാറും. ജയ ജയ ജയഹേയും രോമാഞ്ചവുമെല്ലാം വിജയിച്ചത് കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടമായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :