‘ഇത് നമ്മുടെ കഥ, ഇത് നമ്മുടെ ലോഗോ’, ഫോഴ്‌സ കൊച്ചിയുടെ ലോഗോ പുറത്തുവിട്ട് പൃഥ്വിരാജ്

നടൻ, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നീ റോളുകളിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് കുറച്ച് ദിവസങ്ങള‍്‍ക്ക് മു്നപായിരുന്നു കേരളത്തിന്റെ പ്രഥമ ഫുട്‌ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്താക്കിയത്. ഫോഴ്‌സ കൊച്ചി എഫ്‌സി എന്നാണ് കൊച്ചി ടീമിന്റെ പേര്.

ഇപ്പോഴിതാ ടീമിന്റെ ലോ​ഗോ പുറത്ത് വിട്ടിരിക്കുകയാണ് നടൻ. ‘ഇത് നമ്മുടെ കഥ, ഇത് നമ്മുടെ ലോഗോ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിലെ പ്രഥമ ഫുട്‌ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയിൽ കൊച്ചിയെ പ്രതിനിധീകരിക്കുന്ന ടീമാണ് ഫോഴ്‌സാ കൊച്ചി എഫ്‌സി.

ജൂലൈ 11നാണ് ക്ലബ്ബിന്റെ പേര് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. പൃഥ്വിരാജും ഭാര്യ സുപ്രിയയും കൊച്ചിയുടെ പേരിൽ ഇറക്കുന്ന ടീമിന് പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് സാമൂഹിക മാധ്യമത്തില് താരം നേരത്തേ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. കേരളത്തിലെ ഫുട്‌ബോളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താൻ സൂപ്പർ ലീഗ് കേരളയ്ക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു. ‌

നമ്മുടെ നാട്ടിലെ മികച്ച കളിക്കാർക്ക് നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം നമ്മുടെ സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താനും ഇതുപോലൊരു അന്താരാഷ്ട്ര ടൂർണമെന്റിനാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ലീഗായ ഐഎസ്എൽ മാതൃകയിൽ സംസ്ഥാനത്ത് തുടങ്ങുന്ന ഫുട്‍ബോൾ ലീഗിൽ നിക്ഷേപവുമായി നേരത്തേ പൃഥ്വിരാജ് എത്തിയിരുന്നു.

സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ക്ലബ്ബായ കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയിരുന്നത്. ഇതോടെ കേരളത്തിലെ പ്രൊഫഷണൽ ഫുട്ബോൾ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാ താരമായും പൃഥ്വിരാജ് മാറി.

നസ്ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കർ, മുഹമ്മദ് ഷൈജൽ എന്നിവരാണ് കൊച്ചി എഫ്സി ടീമിന്റെ സഹ ഉടമകൾ. അതേസമയം പൃഥ്വിരാജിന്റെ ലീഗിലെ പങ്കാളിത്തം യുവാക്കൾക്കിടയിൽ ടൂർണമെന്റിന് വലിയ പ്രചോദനവും ഊർജവും ആവേശവും പകരുമെന്ന് സൂപ്പർ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫ് പറഞ്ഞിരുന്നു.

ഓഗസ്റ്റ് അവസാനം മുതൽ ആരംഭിക്കുന്ന 60 ദിവസം നീണ്ടുനിൽക്കുന്ന സൂപ്പർ ലീഗ് കായിക കേരളത്തിന് ആവേശമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുക. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിനും ഐ ലീഗിൽ ഗോകുലം എഫ്‌സിക്കും വലിയ പിന്തുണയാണ് മലയാളികൾ നൽകി വരുന്നത്.

Vijayasree Vijayasree :