‘ആടുജീവിതം’ കണ്ട് ചിമ്പു എന്നെ വിളിച്ചിരുന്നു; അതുപോലെ മുന്‍പ് ആരും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല, ആ വാക്കുകള്‍ ജീവിതത്തിലൊരിക്കലും മറക്കില്ല; പൃഥ്വിരാജ്

റിലീസ് ചെയ്ത് അമ്പത് ദിവസത്തോടടുക്കുമ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നേവലിനെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രത്തിന് കേരളത്തിനകത്ത് നിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് അഭിനന്ദനങ്ങളുമായെത്തിയത്.

ഇക്കൂട്ടത്തില്‍ ഒരിക്കലും മറക്കാന്‍പറ്റാത്ത ഒരഭിപ്രായം പറഞ്ഞയാളേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഈയാഴ്ച റിലീസ് ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ഇതേ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.

തമിഴ് നടന്‍ ചിമ്പുവാണ് ആ അഭിപ്രായത്തിനുപിന്നില്‍. ചിമ്പു പറഞ്ഞ അഭിപ്രായം മുന്‍പ് ആരും തന്നോട് പറഞ്ഞിട്ടില്ലാത്തതിനാല്‍ ആ വാക്കുകള്‍ ഒരിക്കലും മറക്കാന്‍ പറ്റില്ലെന്ന് പൃഥ്വി പറഞ്ഞു.

‘ആടുജീവിതം കണ്ടിട്ട് നടന്‍ സിലമ്പരസന്‍ (ചിമ്പു) വിളിച്ചിരുന്നു. ചിമ്പു പറഞ്ഞ ഒരു കാര്യമുണ്ട്. ബ്രദര്‍, നമ്മള്‍ അഭിനേതാക്കള്‍ക്ക് ചില സിനിമകളില്‍, ചില കഥാപാത്രങ്ങളില്‍, ചില രംഗങ്ങള്‍ ചെയ്യുമ്പോള്‍ ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് തോന്നും.

വേറൊരു അഭിനേതാവിനെ ഒരുസിനിമയിലുടനീളം കണ്ടിട്ട് അങ്ങനെ തോന്നിയത് ആടുജീവിതം കണ്ടിട്ടാണെന്നാണ് ചിമ്പു പറഞ്ഞത്. ഇതിനുമുമ്പ് അങ്ങനെയൊരഭിപ്രായം എന്നോടാരും പറഞ്ഞിട്ടില്ല. അതുകൊണ്ട് ചിമ്പുവിന്റെ വാക്കുകള്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍.

നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു എന്നിവരാണ് താരനിരയിലെ മറ്റുള്ളവര്‍.കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. ചിത്രം ഈ മാസം 16ന് പ്രദര്‍ശനത്തിനെത്തും.

Vijayasree Vijayasree :