കൃത്യമായി നികുതിയടച്ചു; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ അംഗീകാരം

ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് സിനിമ നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. ധനമന്ത്രാലയത്തിന്‍റെ കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് പ്രശംസാപത്രം സമ്മാനിച്ചത്.

2019ല്‍ ജെന്യൂസ് മുഹമ്മദിന്‍റെ സംവിധാനത്തില്‍ പുറത്തിങ്ങിയ ‘നയന്‍’ എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് പൃഥ്വിരാജ് ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് ചുവട് വച്ചത്. പൃഥ്വിരാജ് തന്നെയായിരുന്നു കേന്ദ്ര കഥാപാത്രം. ഡ്രൈവിംഗ് ലൈസന്‍സ്, കുരുതി, ജന ഗണ മന, കടുവ, ഗോള്‍ഡ് എന്നിവയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച മറ്റ് ചിത്രങ്ങള്‍.

നിര്‍മാണ രംഗത്ത് മാത്രമല്ല വിതരണ രംഗത്തും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സജീവമാണ്. കെജിഎഫ് 2, കാന്താര അടക്കം നിരവധി ഇതരഭാഷാ ചിത്രങ്ങളുടെ വിതരണവും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍വ്വഹിച്ചിട്ടുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസുമായി ചേര്‍ന്നും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ചിത്രങ്ങള്‍ നിര്‍മിക്കുന്നുണ്ട്.

ആടുജീവിതവും വിലായത്ത് ബുദ്ധയുമാണ് പൃഥ്വിരാജിന്‍റേതായി മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം. തെലുങ്കില്‍ പ്രഭാസ് നായകനാവുന്ന പ്രശാന്ത് നീല്‍ ചിത്രം സലാറിലും ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടെ മിയാനിലും പൃഥ്വിരാജ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

AJILI ANNAJOHN :