പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാല്‍. ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന സിനിമയാണ് താരത്തിന്റേതായി പുറത്തെത്തിയത്. ഇവിടെ സിനിമയുടെ തിരക്കുകള്‍ക്കിടയിലും ചിത്രത്തിലെ നായകന്‍ ഊട്ടിയില്‍ ആയിരുന്നു. ‘വര്‍ഷങ്ങള്‍ക്കു ശേഷം’ സിനിമ കാണാനെത്തിയ പ്രണവിന്റെ അമ്മ സുചിത്ര മോഹന്‍ലാല്‍ ആണ്, മകന്‍ ഇപ്പോള്‍ ഊട്ടിയിലാണെന്ന കാര്യം വെളിപ്പെടുത്തുന്നത്.
പിന്നീട് ഊട്ടിയില്‍ നിന്നു തന്നെ ചില മലയാളികള്‍ പ്രണവിനെ കാണുകയും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഊട്ടിയില്‍ നിന്നും തന്റെ യാത്ര മറ്റൊരിടത്തേയ്ക്ക് ആയിരുന്നുവെന്ന് തെളിയിച്ചിരിക്കുയാണ് പ്രണവ്.
ഊട്ടിയില്‍ നിന്നും പ്രണവ് അടുത്ത താവളത്തിലെത്തിക്കഴിഞ്ഞു. പുതിയ താവളം എവിടെയെന്ന് പ്രണവ് തന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കുന്നുണ്ട്. കാഴ്ച്ചയില്‍ ഭംഗി നിറഞ്ഞ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പ്രണവിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കാണാം.
ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പുകളില്ലാത്തതിനാല്‍ സ്ഥലം ഏതെന്നറിയാന്‍ പ്രേക്ഷകരും ഏറെ പണിപ്പെടുന്നുണ്ട്. ഒടുവില്‍ പ്രേക്ഷകര്‍ തല പുകഞ്ഞ് അന്വേഷണം നടത്തിയപ്പോള്‍ സ്ഥലം ഏതെന്നു പിടികിട്ടി. വടക്കു കിഴക്കന്‍ നാടുകള്‍ ലക്ഷ്യമിട്ടാണ് താരത്തിന്റെ യാത്ര. മേഘാലയില്‍ ഷില്ലോങില്‍ നിന്നുള്ള ചിത്രവും കൊല്‍ക്കത്തയില്‍ നിന്നുള്ള മറ്റൊരു ചിത്രവുമാണ് ഏറ്റവും പുതിയതായി പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. ലാലേട്ടന്റെ മകനാണെന്ന് പുള്ളിയോട് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്ക്, ഒരേ സമയം ഭൂമിയിലും ആകാശത്തും കണ്ടവരുണ്ടത്രെ.., തെണ്ടി തിരിഞ്ഞു നടക്കുവാണേല്‍ എന്നേം കൂടി കൊണ്ട് പോ, ഇവിടെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്നൊരു ചിത്രം റിലീസ് ചെയ്തിരുന്നു അറിഞ്ഞായുരുന്നോ?, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.