ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാൻ ഇന്ത്യൻ താരമാണ് പ്രഭാസ്. 2022ൽ ഈശ്വർ എന്ന സിനിമായിലൂടെ അരങ്ങേറ്റം കുറിച്ച പ്രഭാസിന് ബാഹുബലിയിലൂടെയായിരുന്നു രാജ്യമൊട്ടാകെ ആരാധകരെ ലഭിച്ചത്. പിന്നീട് ബിഗ്ബജറ്റ് ചിത്രങ്ങളുടെ മാത്രം ഭാഗമായ താരം കൽക്കി 2898 എ.ഡിയൂടെ അമ്പരിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു.
ഇപ്പോഴിതാ 45കാരനായ പ്രഭാസ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നടന്റെ കുടുംബം വിവാഹം തീരുമാനിച്ചുവെന്ന് കാണിച്ച് ന്യൂസ് 18 തെലുഗു വാർത്തയും നൽകി. മറ്റു മാധ്യമങ്ങളും വാർത്ത നൽകിയിട്ടുണ്ട്. ഹൈദരാബാദ് കേന്ദ്രമായുള്ള വ്യവസായിയുടെ മകളാണ് വധു എന്നാണ് വാർത്തയിൽ സൂചിപ്പിക്കുന്നത്. ശ്യാമള ദേവിയാണ് പ്രഭാസിന്റെ വിവാഹത്തിന് മേൽന്നോട്ടം വഹിക്കുക എന്നും വാർത്തകളിലുണ്ട്.
പ്രമുഖ നടനും രാഷ്ട്രീയ നേതാവുമാണ് കൃഷ്ണം രാജു. മുൻ കേന്ദ്രമന്ത്രിയായ ഇദ്ദേഹം പ്രഭാസിന്റെ അമ്മാവനാണ്. കൃഷ്ണം രാജുവിന്റെ ഭാര്യയാണ് ശ്യാമള ദേവി. ഇവരുടെ നേതൃത്വത്തിൽ ആണത്രെ വിവാഹ ഒരുക്കങ്ങൾ. എന്നാൽ പ്രഭാസ് വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയുടെ പേരോ, വിവാഹ തിയ്യതിയോ വാർത്തയിൽ ഇല്ല. വാർത്തയിൽ വസ്തുത ഇല്ല എന്നാണ് പ്രഭാസിന്റെ വക്താവിനെ ഉദ്ധരിച്ച് വരുന്ന റിപ്പോർട്ട്.
വ്യാജ വാർത്തയാണത്. ദയവ് ചെയ്ത് അവഗണിക്കൂ എന്നാണ് പ്രഭാസിന്റെ ടീമിലെ അംഗം പ്രതികരിച്ചത്. മുംബൈയിലെ താരത്തിന്റെ വക്താവും വാർത്ത തള്ളി. അനുഷ്‌ക ഷെട്ടിയുമായി മാത്രമല്ല നേരത്തെ പ്രഭാസിന്റെ വിവാഹ വാർത്ത നേരത്തെ പ്രചരിച്ചിട്ടുള്ളത്. ആദിപുരുഷ് ചിത്രീകരണ വേളയിൽ കൃതി സാനനുമായി ചേർത്തും പ്രചാരണമുണ്ടായിരുന്നു.
ബാഹുബലി നായിക അനുഷ്‌ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമായിരുന്നു നേരത്തെ പ്രചാരണം. സിനിമാ ഷൂട്ടിങിനിടയിലും പ്രൊമോഷൻ വേളയിലും എടുത്ത ഫോട്ടോസ് ഇതിന്റെ ഭാഗമായി തെറ്റായി പ്രചരിപ്പിക്കുകയും ചെയ്തു. ഒടുവിൽ ഇരുവരും വാർത്ത നിഷേധിച്ച് രംഗത്തുവന്നു. എന്നിട്ടും പ്രചാരണം ഒരു ഭാഗത്ത് തുടരുന്നുണ്ട്.
43 കാരിയായ അനുഷ്ക ഇന്നും അവിവാഹിതയാണ്. സ്വകാര്യ ജീവിതത്തെക്കുറിച്ച് താരം സംസാരിക്കാറില്ല. നടൻ പ്രഭാസുമായി അനുഷ്ക പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ രണ്ട് പേരും അഭ്യൂഹങ്ങൾ നിഷേധിച്ചു. ബാഹുബലിക്ക് മുമ്പേ ഈ ജോഡി തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഹിറ്റായിട്ടുണ്ട്. മിർച്ചി, ബില്ല എന്നിവയാണ് ഇവർ ഒരുമിച്ച് ചെയ്ത മറ്റ് സിനിമകൾ. മികച്ച സ്ക്രീൻ പ്രസൻസുള്ള രണ്ട് പേരും ബിഗ് സ്ക്രീനിൽ ഒരുമിച്ചെത്തുമ്പോൾ ആരാധകർ ആഘോഷമാക്കാറുണ്ടായിരുന്നു.
അടുത്ത സുഹൃത്തുക്കളുമാണിവർ. ഇതോടെയാണ് ഗോസിപ്പുകൾ വന്നത്. എന്നാൽ അനുഷ്ക തന്റെ സുഹൃത്ത് മാത്രമാണെന്നും പ്രണയമില്ലെന്നും പ്രഭാസ് ഒന്നിലേറെ തവണ പറഞ്ഞു. അനുഷ്കയും അഭിമുഖങ്ങളിൽ ഇത് ആവർത്തിച്ചു. അതേസമയം, നേരത്തെ നടിയ്ക്ക് അപൂർവ രോഗം ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നു. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന സ്യൂഡോബൾബർ അഫക്ട് എന്ന രോഗവസ്ഥ തനിക്കുണ്ടെന്ന് കുറച്ചു നാളുകൾക്കു മുൻപ് അനുഷ്ക ഷെട്ടി വെളിപ്പെടുത്തിയിരുന്നു.
എനിക്ക് ചിരിക്കുന്ന രോഗമുണ്ട്, ചിരിക്കുന്നത് രോഗമാണോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. എനിക്ക് അത് രോഗമാണ്. ചിരിക്കാൻ തുടങ്ങിയാൽ 15 മുതൽ 20 മിനിറ്റ് വരെ നിർത്താൻ സാധിക്കില്ല. കോമഡി സീനുകൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ചിരിച്ചു മറിയും. ഇതുമൂലം ഷൂട്ടിങ് പലതവണ നിർത്തിവയ്ക്കേണ്ടി വന്നിരുന്നുവെന്നുമാണ് അനുഷ്ക പറഞ്ഞിരുന്നത്. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് സ്യൂഡോബൾബർ അഫക്ട്. അഭിമുഖങ്ങളിൽ പലപ്പോഴും ചിരി നിയന്ത്രിക്കാനാകാതെ ബുദ്ധിമുട്ടുന്ന അനുഷ്കയുടെ ദൃശ്യങ്ങൾ വൈറലാകാറുണ്ട്.
അതേസമയം, ചുരുങ്ങിയ കാലയളവ് കൊണ്ട് സൂപ്പർതാരം എന്ന പദവി കൂടാതെ ഇന്ത്യൻ സിനിമാലോകത്തിന് തന്റേതായ ശൈലി സമ്മാനിക്കുവാനും പ്രഭാസിന് കഴിഞ്ഞു. ‘മിർച്ചി’ എന്ന ചിത്രത്തിന് ശേഷം ആരാധകർ സ്നേഹപൂർവ്വം പ്രഭാസിന് നൽകിയ പേരായ ‘റിബൽ സ്റ്റാർ’, അദ്ദേഹത്തിന്റെ പകരംവയ്ക്കാനാകാത്ത അഭിനയശൈലിക്ക് ചേർന്നതായിരുന്നു. ഇന്ത്യൻ സിനിമ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ബാഹുബലി പ്രഭാസിന്റെ സിനിമ ജീവിതത്തെയും മാറ്റിമറിക്കുകയായിരുന്നു. ബാഹുബലിയിലൂടെ ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിക്കാൻ പ്രഭാസിന് സാധിച്ചു.
തന്റെ അഭിനയനാൾവഴികളിലിന്നോളം ഇന്ത്യൻ സിനിമയിൽ ബ്ലോക്ക്ബസ്റ്റർ റെക്കോർഡുകൾ നേടുവാനും പ്രഭാസ് നായകനായി എത്തിയ ബാഹുബലി, സാഹോ, സലാർ, കൽക്കി 2898 എഡി എന്നീ സിനിമകൾക്ക് സാധിച്ചുവെന്നതും ശ്രദ്ധേയമാണ്. ബാഹുബലിക്ക് ശേഷം കൽക്കിയിലൂടെ വൻതിരിച്ചുവരവ് നടത്തിയ താരത്തിന്റെ പ്രകടനത്തിൽ വലിയ പ്രതീക്ഷയാണ് നിർമാതാക്കൾക്കുള്ളത് എന്നതിന്റെ തെളിവാണ് അദ്ദേഹത്തിനായി അണിയറയിൽ ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രങ്ങൾ.
പ്രഭാസ് പ്രധാന വേഷത്തിലെത്തി തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച സലാർ പാർട്ട് വണ്ണിന്റെ തുടർച്ചയായ സലാർ2: ശൗര്യംഗപർവ്വമാണ് ഇനി പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രം. മലയാള സിനിമാതാരം പൃഥ്വിരാജ് പ്രഭാസിനൊപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സലാറിനുണ്ട്. പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവ്വഹിച്ച് ഹോംബാലെ ഫിലിംസിന് കീഴിൽ വിജയ് കിരഗന്ദൂർ നിർമ്മിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രഭാസിന്റെ ആരാധകർ. ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം തിയറ്ററിൽ അത്ഭുതം സൃഷ്ടിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ ലോകം.
പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു പ്രധാന ചിത്രമാണ് സ്പിരിറ്റ്. ബോളിവുഡിൽ ഇറങ്ങുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് മുതൽ താരത്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സ്പിരിറ്റിനായി കാത്തിരിക്കുന്നത്. പ്രമുഖ സംവിധായകനായ സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇരുവരും ഒന്നിച്ച് പ്രവർത്തിക്കുന്ന ആദ്യ പ്രൊജക്ട് കൂടിയാണ്. അതിനാൽ തന്നെ സന്ദീപ്- പ്രഭാസ് കെമിസ്ട്രി അറിയാനുള്ള ആകാംക്ഷയും ആരാധകർക്കുണ്ട്.
പാൻ ഇന്ത്യൻ താരം പ്രഭാസിന്റേതായി ഉടൻ ചിത്രീകരണം ആരംഭിക്കുന്ന മറ്റൊരു ചിത്രം 1940 കളിൽ നടന്ന ഒരു ചരിത്ര കഥയെ ആസ്പദമാക്കിയുള്ളതാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഹനു രാഘവ്പുടി പ്രോജക്ട് എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിൽ, സുദീപ് ചാറ്റർജി ഛായാഗ്രഹണവും കോത്തഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും നിർവഹിക്കുന്ന ഈ ചിത്രവും വൻ ബജറ്റിലാണ് ഒരുങ്ങുന്നത്.
അതേസമയം, ഇപ്പോൾ തിയേറ്ററിൽ പ്രദർശനം തുടരുന്ന, എമ്പുരാന്റെ ടീസറിനെ പ്രഭാസ് വാനോളം പുകഴ്ത്തിയതും വാർത്തയായിരുന്നു. തന്റെ സോഷ്യൽ മീഡിയാ സ്റ്റോറിയിലാണ് പ്രഭാസ് എമ്പുരാൻ സിനിമയുടെ ടീസറിനെ അഭിനന്ദിച്ചിരിക്കുന്നത്. വേൾഡ് ക്ലാസ് എന്നാണ് പ്രഭാസ് ടീസറിന് നൽകിയിരിക്കുന്ന വിശേഷണം. L2E, എമ്പുരാൻ എന്നീ ഹാഷ്ടാഗുകളും അദ്ദേഹം നൽകിയിരിക്കുന്നു.
അതിഗംഭീരമായി എടുത്തുവെച്ചിരിക്കുന്നു. സംവിധാനംചെയ്തത് എന്റെ സ്വന്തം വരദ. അഭിനയിക്കുന്നത് ഒരേയൊരു മോഹൻലാൽ സാർ. എല്ലാ ടീമംഗങ്ങൾക്കും വിജയം നേരുന്നു എന്നും പ്രഭാസ് ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം കുറിച്ചു. പൃഥ്വിരാജ് ഈ സ്റ്റോറിയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചിട്ടുണ്ട്. നന്ദി ദേവാ, നിങ്ങളെ ഉടൻ നേരിൽക്കാണും എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ എന്ന ചിത്രത്തിൽ പ്രഭാസും പൃഥ്വിരാജുമാണ് മുഖ്യവേഷങ്ങളിലെത്തിയത്. സലാറിൽ ഇരുവരും അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ദേവയും വരദയും.
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് സലാർ. വലിയ കാൻവാസിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് മികച്ച കളക്ഷൻ നേടിയാണ് തിയേറ്റർ വിട്ടത്. ആഗോള തലത്തിൽ 600 കോടിയിലധികം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. പൃഥിരാജും സിനിമയിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയിരുന്നു. മാർച്ച് 21 നാണ് ചിത്രം റീ റിലീസ് ചെയ്തത്. വമ്പൻ സ്വീകരണമാണ് സിനിമയ്ക്ക് റീ റിലീസിൽ ലഭിക്കുന്നത്.
റീ റിലീസിലെ ആദ്യ ദിവസം ചിത്രം 3.24 കോടി ഓപ്പണിങ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാം ദിവസമായ ഇന്നും ചിത്രത്തിന് നല്ല ബുക്കിംഗ് ആണ് ലഭിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ തവണ തിയേറ്ററിൽ എത്തിയത് പോലെ ഈ രണ്ടാം വരവിലും ചിത്രം നല്ല നേട്ടമുണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. പ്രീ റിലീസിൽ 23,700 ടിക്കറ്റുകളാണ് ചിത്രം വിറ്റഴിച്ചത്. സിനിമയുടെ പ്രതികരണങ്ങൾ കണക്കിലെടുത്ത് അധിക ഷോകൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ പവൻ കല്യാൺ ചിത്രം ഗബ്ബർ സിങ്ങിന്റെ റി റിലീസിന്റെ ആദ്യദിന കളക്ഷനെ സലാർ മറികടന്നു. 2023 ലെ ക്രിസ്മസ് റിലീസായാണ് സലാർ എത്തിയത്. ഡിസംബർ 22ന് എത്തിയ ചിത്രം തിയറ്ററിലെ വമ്പൻ വിജയത്തിന് ശേഷം ഒടിടിയിലും ഏറെ ചർച്ചയായിരുന്നു. പ്രശാന്ത് നീൽ തന്നെയാണ് സിനിമയുടെ കഥയും, തിരക്കഥയും ഒരുക്കിയത്.
രണ്ട് സുഹൃത്തുക്കൾ എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ വി രാമ റാവു എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.