എന്തും പറയാമെന്ന് ധരിക്കരുത്, പരിപാടിയ്ക്കിടെ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

തൃശ്ശൂരില്‍ സാംസ്‌കാരികപ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖത്തിനിടെ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ”നമുക്കൊരു കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉണ്ട്. ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടാണുപോലും.

തുടങ്ങിയിട്ട് 10 വര്‍ഷമായി കുട്ടികളൊക്കെയാണെങ്കില്‍ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷേ, ഇത് ഓടുന്നില്ല. ഇതിങ്ങനെ മതിയോ” എന്നായിരുന്നു ചോദ്യം.

ഇതിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടത്. പറയാന്‍ അവസരം കിട്ടുമ്പോള്‍ എന്തും പറയാമെന്ന് ധരിക്കരുത്. ഇത്രയും ആളുകളുടെ മുന്നില്‍വെച്ച് ഈ സ്ഥാപനത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയാണോ? അവിടെ പ്രശ്‌നങ്ങളുണ്ടായിരുന്നു.

അത് പരിഹരിച്ചു. ആ സ്ഥാപനത്തില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുന്ന രീതി ശരിയാണോ? മുഖ്യമന്ത്രി ഷിബു ചക്രവര്‍ത്തിയോട് ചോദിച്ചു.

അതേസമയം, നവകേരള സ്ത്രീ സദസില്‍ സംസാരിച്ച ഗായിക വൈക്കം വിജയലക്ഷ്മിയോട് മുഖ്യമന്ത്രി പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേള്‍വി നഷ്ടമായവര്‍ക്ക് അത് തിരികെ ലഭിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് സമാനമായി കാഴ്ചപരിമിതര്‍ക്ക് കാഴ്ചശക്തി തിരിച്ചു കിട്ടുന്നതിനുള്ള പദ്ധതിക്ക് സാധ്യതയുണ്ടോ എന്നായിരുന്നു ഗായികയുടെ ചോദ്യം.

‘കാഴ്ച തിരികെ നല്‍കാന്‍ കഴിയുമോയെന്ന് ഇപ്പോള്‍ ഉറപ്പു പറയുന്നില്ല. എന്നാല്‍ വിജയലക്ഷ്മിയുടെ ആവശ്യത്തിനൊപ്പം കേരളമുണ്ട്’ എന്നാണ് മുഖ്യമന്ത്രി വൈക്കം വിജയലക്ഷ്മിക്ക് മറുപടി നല്‍കിയത്.

Vijayasree Vijayasree :