മുല്ലപ്പൂവാൽ അലങ്കരിച്ച അമ്മയുടെ ചിത്രത്തെ സാക്ഷിയാക്കി ദേവികയും അരവിന്ദും മണ്ഡപത്തിന് ചുറ്റും വലം വെച്ചു!! അമ്മയുടെ സ്ഥാനത്ത് കൈ പിടിച്ച് സുജാത മോഹൻ; വിവാഹവേദിയിൽ ചങ്ക് പിടയുന്ന നൊമ്പരകാഴ്ച്ച

ദിവസങ്ങൾക്ക് മുൻപായിരുന്നു രാധിക തിലകിന്റെ ഏക മകൾ ദേവികയുടെ വിവാഹം. ഫെബ്രുവരി 19ന് ബെംഗളൂരുവിൽ വച്ചു നടന്ന വിവാഹത്തിന്റെ അനുബന്ധ ചടങ്ങുകൾ 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവൻഷൻ സെന്ററിൽ വച്ചായിരുന്നു. ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രൻ ആണ് ദേവികയുടെ കഴുത്തിൽ താലി ചാർത്തിയത്. ബെംഗളൂരു സ്വദേശികളായ വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ് അഭിഭാഷകനാണ്. ദേവികയും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. എളമക്കരയിലെ വിവാഹവേദിയിൽ സ്ഥാപിച്ച രാധിക തിലകിന്റെ ചിത്രം നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി. പിതാവ് സുരേഷ് കൃഷ്ണന്റെ കൈ പിടിച്ച് വിവാഹവേദിയിലെത്തിയ ദേവിക അമ്മയുടെ ചിത്രത്തിനു മുന്നിൽ വണങ്ങിയത് കണ്ടുനിന്നവരെയും വേദനിപ്പിച്ചു.

മുല്ലപ്പൂവാൽ അലങ്കരിച്ച അമ്മയുടെ ചിത്രത്തെ സാക്ഷിയാക്കിയാണ് ദേവികയും അരവിന്ദും മണ്ഡപത്തിനു ചുറ്റും വലം വച്ചത്. അടുത്ത ബന്ധുവായ ഗായിക സുജാത മോഹനാണ് ദേവികയുടെ അമ്മയുടെ സ്ഥാനത്തുണ്ടായിരുന്നത്. സുജാതയും ഭർത്താവ് കൃഷ്ണമോഹനും ചടങ്ങുകളിൽ നിറസാന്നിധ്യമായിരുന്നു. ജയറാം, പാർവതി, ജി.വേണുഗോപാൽ തുടങ്ങി സിനിമാ സംഗീതരംഗത്തെ നിരവധി പ്രമുഖരും ദേവികയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തി. രാധിക തിലകിന്റെ അടുത്ത ബന്ധുകൂടിയാണ് വേണുഗോപാൽ.
രാധിക തിലകിന്റെ ഏകമകളാണ് ദേവിക സുരേഷ്. ഗായികയായി മികവ് തെളിയിച്ച ദേവിക, അമ്മയുടെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയൊരുക്കിയ മെഡ്‌ലി ഏറെ ശ്രദ്ധേയമായിരുന്നു.

വധുവായി ഒരുങ്ങിയപ്പോൾ രാധികയെ പോലെ തന്നെയാണ് ​ദേവികയേയും തോന്നിയത് എന്നാണ് വിവാഹ വീഡിയോ കണ്ട് ആരാധകർ ഏറെയും കുറിച്ചത്. ദേവിക ബെം​ഗളൂരുവിലാണ് ജോലി ചെയ്യുന്നത്. കാന്‍സര്‍ ബാധിച്ച് ഒന്നര വര്‍ഷത്തോളം ചികിത്സയിലായിരുന്ന രാധിക 45ആം വയസിലാണ് അന്തരിച്ചത്. ലളിതഗാനങ്ങളിലൂടെ മലയാളി മനസിൽ ഇടം നേടിയ രാധിക തിലക് 60ല്‍ അധികം സിനിമാ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. മായാമഞ്ചലിൽ, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ എന്നിവയാണ് രാധിക തിലക് ആലപിച്ച ശ്രദ്ധേയമായ ചലച്ചിത്ര ഗാനങ്ങള്‍.

Merlin Antony :