നിലയുടെ കുഞ്ഞുടുപ്പുകള്‍ കൈമാറിയപ്പോള്‍ കരഞ്ഞ് പേളി, പളി എത്രത്തോളം സ്‌നേഹനിധിയായ അമ്മയാണെന്നത് ഈ വീഡിയോയില്‍ വളരെ വ്യക്തമാണെന്നാണ് ആരാധകര്‍

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്. അതുപോലെ തന്നെ ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. എന്നാല്‍ ഒന്നിച്ച് ബിഗ്‌ബോസ് സീസണ്‍ ഒന്നില്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ വിശേഷങ്ങള്‍ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു പേളി രണ്ടാമത്തെ കുഞ്ഞായ നിതാരയ്ക്ക് ജന്മം നല്‍കുന്നത്. പ്രസവത്തിനോട് അടുത്തപ്പോള്‍ മുതല്‍ പ്രസവം കഴിഞ്ഞ് മൂന്ന് മാസം വരെയും പേളിയും കുഞ്ഞുങ്ങളും മാതാപിതാക്കള്‍ക്കൊപ്പം ആലുവയിലെ വീട്ടിലായിരുന്നു. അടുത്തിടെയാണ് ശ്രീനിഷിനൊപ്പം മക്കളേയും കൂട്ടി സ്വന്തം ഫ്‌ലാറ്റിലേയ്ക്ക് പേളി തിരികെ എത്തിയത്.

മക്കളേയും കൊണ്ട് ആരുടെയും സഹായമില്ലാതെ ഫ്‌ലാറ്റിലുള്ള ജീവിതം എങ്ങനെയാകും എന്നതിനെ കുറിച്ച് ചെറിയ ആശങ്കയുണ്ടെന്ന് പേളി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ നിതാര വന്നശേഷം ആദ്യമായി ഫ്‌ലാറ്റില്‍ നിന്നുള്ള ഡെ ഇന്‍ മൈ ലൈഫ് വീഡിയോയുമായി എത്തിയിരിക്കുകയാണ് പേളി മാണി. ഫ്‌ലാറ്റിലേയ്ക്ക് വന്നശേഷം കുഞ്ഞുങ്ങളുടെ കാര്യം ശ്രദ്ധിക്കാനായി ഒരു കുട്ടിയെ തനിക്ക് സഹായത്തിനായി കിട്ടിയ വിശേഷവും പുതിയ വീഡിയോയില്‍ പേളി പങ്കിടുന്നുണ്ട്.

നിതാരയുടെ വരവോടെ നിലയുടെ സന്തോഷം കുഞ്ഞനിയത്തിയായി മാറി കഴിഞ്ഞു. എപ്പോഴും നിതാരയെ കൊഞ്ചിച്ചും സ്‌നേഹിച്ചും ഉമ്മ കൊടുത്തും നില അരികില്‍ തന്നെയുണ്ടാകും. താന്‍ കഷ്ടപ്പെട്ട് നിതാരയെ ഉറക്കി കിടത്തുമെന്നും എന്നാല്‍ മിനിറ്റുകള്‍ക്കകം വന്ന് നില നിതാരയെ ഉണര്‍ത്തുമെന്നുമാണ് പേളിയുടെ പരാതി. നിതാരയെ ഉമ്മവെച്ചും കൊഞ്ചിച്ചും നിലയ്ക്ക് മതിയാകാറില്ലെന്നും നിതാരയുടെ അടുത്ത് നിന്ന് നിലയെ വഴക്ക് പറഞ്ഞ് മാറ്റാന്‍ പറ്റാത്ത സ്ഥിതിയാണെന്നും പേളി പറയുന്നു.

വഴക്ക് പറഞ്ഞാല്‍ നിലയ്ക്ക് വിഷമമാകും പറഞ്ഞില്ലെങ്കില്‍ നിതാര പിണങ്ങുമെന്ന അവസ്ഥയാണെന്നും എന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ലെന്നും പേളി വീഡിയോയില്‍ പറയുന്നുണ്ട്. ശ്രീനിഷാണ് നിലയുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത്. ഡാഡി ഗേളാണ് നിലയെന്ന് പേളി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഡെ ഇന്‍ മൈ ലൈഫ് വീഡിയോയിലെ ഒരു ഭാഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. നില തീരെ കുഞ്ഞായിരുന്നപ്പോള്‍ ധരിച്ച വസ്ത്രങ്ങള്‍ പാക്ക് ചെയ്ത് മറ്റൊരിടത്തേയ്ക്ക് അയക്കുകയായിരുന്നു പേളി.

കുഞ്ഞിക്കയ്യും കാലുമിട്ടടിച്ച് നീന്തിയും പിച്ചവെച്ചും നില ബേബി വളര്‍ന്ന നാളുകളിലെ കുഞ്ഞുടുപ്പുകള്‍ കൈമാറുന്ന വേളയില്‍ പേളിക്ക് സങ്കടം താങ്ങാന്‍ സാധിച്ചില്ല. വസ്ത്രങ്ങള്‍ പാക്ക് ചെയ്യുന്നതിനിടെ പേളി ഏറെ നേരം കരഞ്ഞു. ശ്രീനിഷാണ് പേളിയുടെ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയത്. പേളി എത്രത്തോളം സ്‌നേഹനിധിയായ അമ്മയാണെന്നത് ഈ വീഡിയോയില്‍ വളരെ വ്യക്തമാണെന്നാണ് ആരാധകര്‍ കുറിക്കുന്നത്. മൂന്ന് വയസായി നിലയ്ക്ക്. പേളിയേക്കാളും ആരാധകര്‍ ഇപ്പോള്‍ നിലയ്ക്കും നിതാരയ്ക്കുമാണ്.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പേളിയുടെ മടിയില്‍ കിടക്കുന്ന നിതാരയെ കൊഞ്ചിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന നിലയുടെ വീഡിയോയും പേളി പങ്കുവെച്ചിരുന്നു. സ്‌നേഹം തുളുമ്പുകയാണ് ഗയ്‌സ് എന്ന് തലക്കെട്ട് നല്‍കിയാണ് വീഡിയോ പേളി പങ്കിട്ടത്. നിതാരയെ പല പേരുകളും ചൊല്ലി നില വിളിക്കുന്നതും പേളിയുടെ ദേഹത്ത് കയറി നിന്ന് നിതാരയ്ക്ക് നില മുത്തം നല്‍കാന്‍ ശ്രമിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

നിലയുടെ സ്‌നേഹപ്രകടനം കണ്ട് ഇതൊക്കെ ഡെയ്ഞ്ചറല്ലേ ഗയ്‌സ് എന്ന് തമാശയായി പേളി പറയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ കുഞ്ഞേച്ചിയുടെ സ്‌നേഹപ്രകടനം ആസ്വദിക്കുകയാണ് നിതാര. ഒരു തരത്തിലുള്ള എതിര്‍പ്പും നിതാര നിലയോട് പ്രകടിപ്പിക്കുന്നുമില്ല. വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് വന്നിരുന്നത്. സ്‌നേഹത്തിന്റെ പീക്ക് ലെവല്‍, ചേച്ചിയുടെ ആക്ടിവിറ്റീസെല്ലാം നിതാര എഞ്ചോയ് ചെയ്യുന്നുണ്ട്, നിലയുടെ മൈക്രോ വേര്‍ഷനാണ് നിതാര എന്നാണ് വീഡിയോയില്‍ നിന്നും തോന്നുന്നത് എന്ന് തുടങ്ങി ചില ആരാധകര്‍ രണ്ട് ചെറിയ കുഞ്ഞുങ്ങളെ ഒരുമിച്ച് വളര്‍ത്തിയപ്പോഴുള്ള അനുഭവവും പേളിയോട് കമന്റിലൂടെ പങ്കിട്ടിട്ടുണ്ട്.

Vijayasree Vijayasree :