പവന്‍ കല്യാണിന്റെ സിനിമയുടെ റീ-റിലീസ്; തിയേറ്ററിനുള്ളില്‍ തീയിട്ട് ആഘോഷിച്ച് ആരാധകര്‍; വൈറലായി വീഡിയോ

നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പര്‍സ്റ്റാറാണ് പവന്‍ കല്യാണ്‍. അദ്ദേഹം നായകനായി എത്തിയ ചിത്രമാണ് ക്യാമറാമാന്‍ ഗംഗാതോ രാംബാബു. ഈ ചിത്രം കഴിഞ്ഞ ദിവസം റീറിലീസ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റീ റിലീസ് ആഘോഷിക്കാന്‍ പവന്‍ കല്യാണിന്റെ ആരാധകര്‍ തിയേറ്ററില്‍ തീ കത്തിച്ചതാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. തീയേറ്ററിനുള്ളില്‍ തീ കൊളുത്തുന്ന ആരാധകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.

തീയറ്ററില്‍ കടലാസ് കഷ്ണങ്ങള്‍ കത്തിച്ച ശേഷം ആരാധകര്‍ ശബ്ദമുണ്ടാക്കുന്നതും ഡാന്‍സ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. തീ ആളിപ്പടരുമ്പോഴും ആരാധകര്‍ ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടോ, അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല.

വാര്‍ത്ത ഏജന്‍സി എഎന്‍ഐ എക്‌സില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘പവന്‍ കല്യാണിന്റെ ക്യാമറാമാന്‍ ഗംഗാതോ രാംബാബു എന്ന ചിത്രത്തിന്റെ റീറിലീസിനിടെ, നന്ദ്യാലയിലെ ഒരു തിയേറ്ററിനുള്ളില്‍ ആരാധകര്‍ കടലാസ് കഷ്ണങ്ങള്‍ കത്തിച്ചു’.

ഇതാദ്യമായല്ല പവന്‍ കല്യാണിന്റെ ആരാധകര്‍ തീയറ്ററിനുള്ളില്‍ അക്രമം അഴിച്ചുവിടുന്നത്. കഴിഞ്ഞ വര്‍ഷം വിജയവാഡയിലെ ഒരു തിയേറ്റര്‍ ഏതാനും ആരാധകര്‍ തകര്‍ത്തിരുന്നു. ജോഗുലാംബ ഗഡ്‌വാളിലെ ഒരു തിയേറ്ററിലും സമാനമായ ഒരു സംഭവം ഉണ്ടായത്. സാങ്കേതിക തകരാര്‍ മൂലം സിനിമ നിര്‍ത്തിയതിന് ശേഷം ആരാധകന്‍ തിയേറ്റര്‍ ഹാള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.

അടുത്തിടെ ടൈഗര്‍ 3 ഷോയ്ക്കിടെ തിയറ്ററുകളില്‍ പടക്കം പൊട്ടിച്ച് സല്‍മാന്‍ ഖാന്‍ ആരാധകരും സമാനമായ പ്രശ്‌നം ഉണ്ടാക്കിയിരുന്നു. ഇതില്‍ സല്‍മാന്‍ അടക്കം പ്രതികരിച്ചിരുന്നു.

Vijayasree Vijayasree :