നാക്കിലയിട്ട് ഒരു സദ്യയുണ്ട പ്രതീതിയുമായി പട്ടാഭിരാമനിലെ ഉണ്ണി ഗണപതി ; പാട്ട് ഏറ്റെടുത്ത് ആരാധകർ

ഈ മാസം 23 നാണ് കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായ നടൻ ജയറാം നായകനായിയെത്തുന്ന പട്ടാഭിരാമൻ റിലീസാകുന്നത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു കിടിലൻ കഥാപാത്രമായിട്ടാണ് ജയറാം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വമ്പൻ സ്വീകാര്യതയാണ് ട്രെയിലറിന് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. എന്നാലിപ്പോൾ തരംഗമാകുന്നത് ചിത്രത്തിലെ ആദ്യ ഗാനമായ ഉണ്ണി ഗണപതിയെ എന്ന ഗാനമാണ്.

ആഴ്ചകൾക്ക് മുൻപിറങ്ങിയ ഗാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. എം ജയചന്ദ്രന്റെ സംഗീതസംവിധാനത്തില്‍ എം ജി ശ്രീകുമാര്‍ ആലപിച്ച ഗാനത്തിന്റെ രചന കൈതപ്രം ദാമോദരനാണ്. ഒരു വീട്ടിലെ വിവാഹാഘോഷങ്ങളും സദ്യയുമൊക്കെ ചേര്‍ന്ന ഗാനരംഗം കണ്ടാല്‍ നാക്കിലയിട്ട് ഒരു സദ്യയുണ്ട പ്രതീതിയാണ് അനുഭവപ്പെടുന്നത്. അത്ര ഗാംഭീര്യതയോടെയാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഇതാണിപ്പോൾ ആരാധകർ ഏറ്റുപിടിച്ചിരിക്കുന്നത്.

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് പട്ടാഭിരാമന്‍. തിങ്കള്‍ മുതല്‍ വെള്ളി വരെ , അച്ചായൻസ് , ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ഷംന കാസിമും മിയ ജോര്‍ജ്ജുമാണ് ചിത്രത്തിലെ നായികമാര്‍. ഷീലു എബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പ്രേം കുമാർ മാധുരി, ബൈജു, സുധീര്‍ കരമന, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സായി കുമാര്‍, ദേവന്‍, , തെസ്‌നി ഖാന്‍, എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യൂവാണ് നിര്‍മാണം.

pattabhiraman- song viral-

Noora T Noora T :