എത്ര ഭീരുക്കളാണ് ഇവർ, ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു ചെറിയ നീക്കമെങ്കിലും അവർ നടത്തിയിരുന്നുവെങ്കിൽ…; അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടിതിനെ കുറിച്ച് പാർവതി തിരുവോത്ത്

കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെ പേരിൽ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. നടിയുടെ വാക്കുകൾ ഇങ്ങനെ;

ഈ വാർത്ത ആദ്യം കേട്ടപ്പോൾ എത്ര ഭീരുക്കളാണ് ഇവർ എന്നാണ് ആദ്യം തോന്നിയത്. ഈ വിഷയങ്ങളിൽ ഉത്തരവാദിത്തത്തോടെ സംസാരിക്കാനുള്ള ഒരു സ്ഥാനത്താണ് അവർ ഇരുന്നിരുന്നത്. ഞങ്ങൾ സ്ത്രീകൾ ഇപ്പോൾ ചർച്ചകൾ നയിക്കുന്നു. സർക്കാറുമായി സഹകരിച്ച് ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു ചെറിയ നീക്കമെങ്കിലും അവർ നടത്തിയിരുന്നുവെങ്കിൽ അത് നന്നാകുമായിരുന്നു. ഈ എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് നടി ആ ക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ സംഘടനയിലേക്ക് തിരികെ സ്വാഗതം ചെയ്തത്.

ഈ എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് ലൈം ഗികാരോപണങ്ങൾ പുറത്ത് വരുന്നത് വരെ അങ്ങനെ യാതൊന്നും ഇവിടെ നടക്കുന്നില്ല എന്ന ഭാവത്തോടെ ഇരുന്നത്. സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ മുന്നോട്ട് വരട്ടെ എന്ന് പറഞ്ഞ് സർക്കാരും അശ്രദ്ധ കാണിച്ചു. പൊതുസമൂഹത്തിന്റെ കുറ്റവും പരിഹാസവും ഏറ്റുവാങ്ങേണ്ട അവസ്ഥയിലൂടെ സ്ത്രീകൾ കടന്നുപോകും.

അതിന് ശേഷം ഞങ്ങളുടെ കരിയർ, മാനസികാരോഗ്യം എന്നിവയെക്കുറിച്ചൊന്നും ആരും ചിന്തിക്കുകയില്ല. അതൊന്നും ആർക്കും ഒരു വിഷയമേയല്ല. ഞങ്ങളല്ല ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയത്. ഞങ്ങളല്ല തെറ്റുകാർ. പക്ഷേ ഇതിന്റെ ആഘാതമെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളാണ്. മുന്നോട്ട് വന്ന സ്ത്രീകളെ ഞങ്ങൾ പൂർണമായും പിന്തുണയ്ക്കുന്നു. അവരോട് ബഹുമാനമുണ്ട്.

എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നേരത്തേ നടപ്പാക്കിയിരുന്നുവെങ്കിൽ അതിജീവിതർക്ക് നീതിയ്ക്കായി ഇപ്പോൾ അലയേണ്ടി വരില്ലായിരുന്നു. താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് നീതിലഭിക്കണമെങ്കിൽ ഓരോ സ്ത്രീയും രംഗത്ത് വരാൻ നിർബദ്ധിതയാകുകയാണ്. അമ്മ എങ്ങിനെയാണ് പ്രവർത്തിക്കുക എന്ന് എനിക്കറിയാം.

ഞാനും അതിന്റെ ഭാഗമായിരുന്നു. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി സർവാധികാരിയായി ഇരിക്കുകയാണ്. നമുക്ക് നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാൻ അവിടെ അവകാശമില്ല. ഇനിയെങ്കിലും മികച്ച നേതൃത്വം വന്നാൽ സംഘടന ശക്തിപ്പെട്ടേക്കാം എന്നാണ് പാർവതി തിരുവോത്ത്പറഞ്ഞത്.

ഭരണസിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടിവന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്വം മുൻനിർത്തി രാജി വെക്കുന്നുവെന്നാണ് പത്രക്കുറിപ്പിൽ മോഹൻലാൽ പറയുന്നത്.

വാർത്താകുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈം ഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു.

രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നൽകുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണസമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും. എന്നായിരുന്നു കുറിപ്പ്.

Vijayasree Vijayasree :