ഹിന്ദു വികാരം വ്രണപ്പെടുത്തി; കവിത ചൊല്ലിയതിന് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് എതിരെ കേസ്; തമിഴ്‌നാട് പൊലീസിനെ വിമര്‍ശിച്ച് പാ രഞ്ജിത്ത്

തമിഴ്‌നാട് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാ രഞ്ജിത്ത്. തന്റെ സംവിധാനസഹായി വിടുതലൈ സിഗപ്പിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ എടുത്തതിനെതിരെയാണ് സംവിധായകന്‍ രംഗത്തെത്തിയത്. കഴിഞ്ഞ മാസം നടന്ന വാനം ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ആലപിച്ച കവിതയുടെ പേരിലാണ് വിടുതലൈ സിഗപ്പിക്കെതിരെ പൊലീസ് നടപടി എടുത്തത്.

പാ രഞ്ജിത്തിന്റെ നീലം കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു വാനം ആര്‍ട്‌സ് ഫെസ്റ്റിവല്‍. ഈ ചടങ്ങില്‍ വച്ച് വിടുതലൈ സിഗപ്പി താനെഴുതിയ മലക്കുഴി മരണം എന്ന കവിത ആലപിച്ചു.

ആക്ഷേപഹാസ്യ രൂപേണയുള്ള കവിതയിലെ ചില ഭാഗങ്ങള്‍ ഹിന്ദുവികാരം വ്രണപ്പെടുത്തുന്നു എന്ന് കാണിച്ച് ഭാരത് ഹിന്ദു മുന്നണിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തമിഴ്‌നാട് പൊലീസ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി എന്നാണ് സംഭവത്തെ കുറിച്ച് പാ രഞ്ജിത് ട്വീറ്റ് ചെയ്തത്.

തോട്ടിപ്പണി മൂലം ഇന്ത്യയിലുടനീളം സംഭവിച്ച മരണങ്ങളെ ആപലപിക്കുകയാണ് കവിതയില്‍ ചെയ്തത് എന്നാണ് പാ രഞ്ജിത് പറഞ്ഞത്. മാന്‍ഹോളുകളില്‍ ദൈവങ്ങള്‍ ഇറങ്ങി ജോലി ചെയ്താലും ഇങ്ങനെയൊക്കെയാണ് സംഭവിക്കുക എന്ന് പറയുന്ന കവിതയാണ് വിടുതലൈ സിഗപ്പി ആലപിച്ചത്.

വലതുപക്ഷ സംഘടനകള്‍ക്ക് ഈ കവിതയുടെ സന്ദര്‍ഭമോ അര്‍ത്ഥമോ മനസിലാവില്ലെന്നും പാ രഞ്ജിത്ത് പറഞ്ഞു. അഭിരാമപുരം പൊലീസിലാണ് ഭാരത് ഹിന്ദു മുന്നണി പരാതി നല്‍കിയത്.

Vijayasree Vijayasree :