ശ്രീകാന്ത് ശ്രീധറിൻറെ Others എന്ന സിനിമ “ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ന്യുയോർക്ക് 2022 ൽ!
ശ്രീകാന്ത് ശ്രീധരൻ ആദ്യമായി എഴുതി സംവിധാനം ചെയ്ത Others എന്ന സിനിമ “ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ന്യുയോർക്ക് 2022 “ ലേക്ക് സെലക്ട് ചെയ്തിരിക്കുന്നു.
ട്രാൻസ്‌ജെന്റർ കമ്യുണിറ്റിയേയും അവരുടെ ശക്തിയെയും ഉയർത്തി കാണിക്കുന്ന Others എന്ന സിനിമ നിർമിച്ചിരിക്കുന്നത് വൈഡ് സ്‌ക്രീനിന്റെ ബാനറിൽ മനു ഗോവിന്ദ് എന്ന ഡോക്ടർ മനോജ് ഗോവിന്ദൻ ആണ്. സിനിമയിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ട്രാൻസ്‌ജെന്റർ വനിതയായ റിയ ഇഷയാണ് കൂടെ അനിൽ ആന്റോയും ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു ട്രാൻസ്‌ജെന്റർ വനിത ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അപ്രതീക്ഷിതമായ ഒരു പേടിസ്വപ്നത്തിന്റെ അനിശ്ചിതത്വവും തുടർന്നുള്ള സംഭവവികാസങ്ങളും കൊണ്ട് ഞെട്ടിക്കുന്ന അനുഭവമാണ് സിനിമ പ്രേക്ഷകർക്ക് നൽകുന്നത്. ട്രാന്സ് ജെന്ഡർ സമൂഹത്തിനെതിരെ ഇപ്പോഴും ഉറങ്ങിക്കിടക്കുന്ന നമ്മുടെ സമൂഹത്തോട് ഒട്ടനവധി ചോദ്യങ്ങളും ഉത്തരങ്ങളുമാണ് അഥേഴ്‌സ് എന്ന സിനിമ ഉയർത്തുന്നത്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തമായ ഒരു ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ രാഷ്ട്രീയമാണ് ചിത്രം പറയുന്നത്.
സെക്കൻഡ് ഷോ, ഇമ്മാനുവൽ എന്നീ ചിത്രങ്ങളിലൂടെയാണ് അനിൽ ആന്റോ അഭിനയരംഗത്തേക്ക് എത്തുന്നത്. 2022ൽ പുറത്തിറങ്ങിയ ആർജെ മഡോണ, പപ്പ എന്നീ ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷം ചെയ്തു.
സവർണ്ണ മുതലാളിത്തത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും ജീവിതം നയിക്കുന്ന ഒരാൾ ആണ് അക്ഷയ് മേനോൻ എന്ന യുവ ഡോക്ടർ . തികച്ചും യാദൃശ്ചികമായി ഉണ്ടാകുന്ന ചില സംഭവങ്ങളിൽ അയാളും സമൂഹവും അതിന്റെ ഭാഗമാവുകയും ചെയ്യുന്നു. നഗരത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രമുഖ ഡോക്ടറാണ് അക്ഷയ്. ഡോക്ടറാകാൻ പഠിച്ച അക്ഷയ്‌യും നഴ്‌സിംഗ് പഠിച്ച പൂജയും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. വെറുമൊരു എംബിബിഎസ് വിദ്യാർത്ഥിയായ അക്ഷയ് മേനോൻ തന്റെ തുടർ പഠനത്തിനായി ഭാര്യ പൂജയെ നഴ്‌സിംഗ് ജോലിക്കായി വിദേശത്തേക്ക് അയക്കുന്നു. ഉന്നത ബിരുദ പഠനം പൂർത്തിയാക്കിയ ഡോ.അക്ഷയ് മേനോൻ നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടറായി. ഭാര്യയുടെ നഴ്‌സിംഗ് ജോലിയിൽ അക്ഷയ് അതൃപ്തിയുള്ളതിനാൽ, ജോലി ഉപേക്ഷിച്ച് വീട്ടിലേക്ക് വരാൻ അയാൾ ഭാര്യയോട് പറയുന്നു. എന്നാൽ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിച്ച പൂജയ്ക്ക് ഇത് ഒരിക്കലും സ്വീകാര്യമായിരുന്നില്ല. തന്നോടൊപ്പം വിദേശത്തേക്ക് വരാൻ അവൾ അക്ഷയോട് ആവശ്യപ്പെട്ടു. അവധിക്ക് നാട്ടിലെത്തിയ ഭാര്യയോട് അക്ഷയ് തന്റെ അഭ്യർത്ഥന ആവർത്തിച്ചു. ഇത് ഇവർ തമ്മിലുള്ള തർക്കത്തിന് കാരണമായി. ഇതൊക്കെയാണെങ്കിലും പൂജ വീണ്ടും വിദേശത്തേക്ക് പോകാൻ തീരുമാനിച്ചു. മനസ്സില്ലാമനസ്സോടെ ഭാര്യയെ വിമാനത്താവളത്തിൽകൊണ്ട് വിട്ടതിനു ശേഷം ശേഷം, രാത്രിയുടെ ഇരുട്ടിൽ സുന്ദരിയായ ഒരു സ്ത്രീയെ അയാൾ കാണുന്നു… ഒറ്റപ്പെട്ട സ്ഥലത്തു ആ പെൺകുട്ടിയെ കാണുമ്പോൾ,അയാളുടെ മനസ്സിൽ അവളെ സമീപിക്കാനുള്ള ആഗ്രഹം മുളപൊട്ടുന്നു . ഏത് വഴിയാണ് പോകേണ്ടതെന്ന് അന്വേഷിച്ച് അയാൾ യുവതിയുടെ അടുത്ത് വണ്ടി നിര്ത്തുന്നു. രാത്രിയിൽ ഈ സ്ഥലം സുരക്ഷിതമല്ലെന്ന് പറഞ്ഞു അയാൾക്ക് പോകേണ്ട വഴിയല്ലാതിരുന്നിട്ട് കൂടി കള്ളം പറഞ്ഞിട്ട് അവളെ കാറിൽ കയറ്റുന്നു.
അനിൽ ആന്റോ, റിയ ഇഷ, നിഷ മാത്യു, കെസിയ, ആർജെ രഘു, ഗോപു പടവീടൻ, ആനന്ദ് ബാൽ മുൻ കോഴിക്കോട് കളക്ടർ പ്രശാന്ത് (“കളക്ടർ ബ്രോ”) അഞ്ച് ട്രാൻസ്‌ജെൻഡർമാരും ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈഡ്‌സ്‌ക്രീനിന്റെ ബാനറിൽ ജയരാജിന്റെ അവൽ ഉൾപ്പെടെ ആറോളം ചിത്രങ്ങൾ നിർമ്മിച്ച ഡോ. മനോജ് ഗോവിന്ദനാണ് ചിത്രം നിർമ്മിക്കുന്നത്, രാമസാമി നാരായണസ്വാമി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ഛായാഗ്രഹണം വിപിൻ ചന്ദ്രൻ, സംഗിതം നിഖിൽ രാജൻ, ചിത്രസംയോജനം ബാബുരാജ് , മുഖ്യ സംവിധാന സഹായി അരുൺ കേശവൻ.