നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച അദ്ദേഹം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് അഭിനയത്തിലേക്ക് എത്തിയത്. സഹനടനായും നായകനായുമെല്ലാം മുകേഷ് വെള്ളിത്തിരയില്‍ തിളങ്ങിയിട്ടുണ്ട്. ഒപ്പം മിനിസ്‌ക്രീനിലും രാഷ്ട്രീയത്തിലുമെല്ലാം അദ്ദേഹം സജീവമാണ്. അതുപോലെ ഇടയ്ക്ക് വെച്ച് മുകേഷിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് നടന്‍. മുകേഷ്, നവ്യ നായര്‍, റിമി ടോമി എന്നിവര്‍ വിധികര്‍ത്താക്കളായി എത്തുന്ന ജനപ്രിയ പരിപാടിയാണ് കിടിലം. തങ്ങളുടെ അസാധാരണ കഴിവുകള്‍ പ്രദര്‍ശിപ്പാക്കാനായി മത്സരാര്‍ത്ഥികള്‍ എത്തുന്ന പരിപാടിയ്ക്ക് കാഴ്ചക്കാരും ഏറെയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പരിപാടിയില്‍ നടന്നൊരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മത്സരാര്‍ത്ഥിയും വിധി കര്‍ത്താക്കളും നടത്തിയ ജാതിവാലിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
പതിവ് പോലെ മത്സരിക്കാനെത്തിയ ഒരാള്‍ തന്റെ പേര് പറയുന്നതോടെയാണ് ചര്‍ച്ച ആരംഭിക്കുന്നത്. ‘എന്റെ പേര് ഓജസ് ഈഴവന്‍, എന്‍.എസ്.എസ്. കോളേജ് ഒറ്റപ്പാലം, തേര്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ്,’ എന്നാണ് മത്സരാര്‍ത്ഥി പറയുന്നത്. പിന്നാലെ മുകേഷ് ഇടപെടുകയായിരുന്നു. ‘ഓജസ് ഈഴവന്‍, അങ്ങനെ പേരിടുമോ,’ എന്നായിരുന്നു മുകേഷ് മത്സരാര്‍ത്ഥിയോട് ചോദിച്ചത്. ഇതിന് മത്സരാര്‍ത്ഥി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
‘പാര്‍വതി നായര്‍, പാര്‍വതി നമ്പൂതിരി എന്നൊക്കെ ഇടാമെങ്കില്‍ ഓജസ് ഈഴവന്‍ എന്നുമിടാം,’ എന്നാണ് ഓജസ് മറുപടി നല്‍കിയത്. ഉടനെ മുകേഷ് മറുപടിയും നല്‍കുന്നുണ്ട്. ‘അങ്ങനെ ഇടാം എന്നാലും നമ്മള്‍ അങ്ങനെ കേട്ടിട്ടില്ല, അതുകൊണ്ട് ചോദിച്ചതാണ്,’ എന്നാണ് മുകേഷ് പ്രതികരിച്ചത്. അതേസമയം ഓജസിനോടായി സ്വന്തമായിട്ട് ഇട്ടതാണല്ലേ എന്ന് നവ്യ നായരും ചോദിക്കുന്നുണ്ട്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് വീഡിയോ പങ്കുവെക്കുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. ഓജസിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. പേരിനൊപ്പമുള്ള ജാതിവാലുകളെക്കുറിച്ചുള്ള ചര്‍ച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ് സംഭവം.
കേരളത്തില്‍ ഇന്നും ജാതീയമായ അപ്രമാദിത്യങ്ങളുണ്ടെന്നും സവര്‍ണ ജാതി വാലുകള്‍ പ്രിവിലേജാകുന്നത് അതുകൊണ്ടാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വീഡിയോയിലെ നവ്യ നായരുടെ കമന്റും ചര്‍ച്ചാകുന്നുണ്ട്. സ്വന്തമായി പേര് മാറ്റിയതാണല്ലേ എന്ന് ചോദിക്കുന്ന നവ്യയെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. തന്റെ പേര് മാറ്റി നവ്യ നായര്‍ എന്നാക്കിയ താരമാണ് നവ്യ. എന്നിട്ടാണോ ഓജസിനോട് ഇങ്ങനെ ചോദിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
സംഭവം വലിയൊരു ചര്‍ച്ചയായി മാറുകയാണ്. അതേസമയം ഇതാദ്യമായല്ല ഈ പരിപാടിയിലെ വീഡിയോ വൈറലാകുന്നത്. നേരത്തെ സന്യാസിമാരെക്കുറിച്ച് നവ്യ നടത്തിയ പരാമര്‍ശവും അതിന് മുകേഷ് നല്‍കിയ മറുപടിയും വലിയ ചര്‍ച്ചയായി മാറിയിരുന്നു. ‘ചില വലിയ സന്യാസിമാരൊക്കെ ഇന്റേണല്‍ ഓര്‍ഗന്‍സ് ഒക്കെ എടുത്ത് പുറത്തിട്ട് ക്ലീന്‍ ചെയ്യും അത്രേ.. സത്യമായിട്ടും ഇങ്ങനെ കേട്ടിട്ടുണ്ട് ഞാന്‍. അതിന്റെ ആധികാരികതയെ കുറിച്ചും സത്യസന്ധതയെ കുറിച്ചും എനിക്ക് കൂടുതല്‍ അറിയത്തില്ല..’ എന്നാണ് നവ്യയുടെ വാക്കുകള്‍.
‘ഉണ്ട് ഉണ്ട്.. ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ ഒരു ദിവസം സെക്കന്‍ഡ് ഷോ കഴിഞ്ഞ് കൊല്ലത്ത് നിന്ന് വഴിയില്‍ കൂടി ഇങ്ങനെ വന്നപ്പോ മൂന്ന് സന്യാസിമാര്.. വെളിയില്‍ കഴുകി കൊണ്ടിരിക്കുന്നു. സത്യമാ’ എന്നാണ് മുകേഷിന്റെ കൗണ്ടര്‍. ഇതുപോലൊരു മണ്ടത്തരം, പൊതുവേദിയില്‍ വലിയ കാര്യമായി പറയാന്‍ മാത്രം ബോധം ഇല്ലാത്ത ആളാണോ നവ്യ എന്നാണ് അന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചത്. അതോടൊപ്പം മുകേഷിന്റെ കൗണ്ടറിന് കൈയ്യടിയും ലഭിക്കുന്നുണ്ട്. മുകേഷ് നവ്യയെ ട്രോളുകയായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഈ വീഡിയോ അടിസ്ഥാനപ്പെടുത്തി നവ്യയെ മുന്നിലിരുത്തികൊണ്ട് ട്രോള്‍ വിഡിയോ കാണിച്ച് ‘കിടിലം’ റിയാലിറ്റി ഷോയിലെ അണിയറ പ്രവര്‍ത്തകര്‍ എത്തിയത് ചിരിപ്പൂരത്തിന് ഇടയാക്കി. അതേ വേദിയില്‍ വച്ച് അവതാരകയായ പാര്‍വതി ആര്‍. കൃഷ്ണയാണ് നവ്യയുടെ ഈ പരാമര്‍ശം വച്ചുള്ള ഒരു വൈറല്‍ ട്രോള്‍ വിഡിയോ നടിയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. നവ്യയുടെയും മുകേഷിന്റെയും വാക്കുകള്‍ കടമെടുത്തായിരുന്നു ഒരുകൂട്ടം മിടുക്കന്മാര്‍ സ്‌കിറ്റുമായി എത്തിയത്.
വിധികര്‍ത്താക്കളായ നവ്യയും മുകേഷും റിമിയും ട്രോള്‍ കണ്ട് ചിരി അടക്കാനാവാതെ ഇരുന്നു. ഈ വിഡിയോ വളരെ രസകരമായെന്നും ഒരുപാടു പേരുകേട്ട സംഭവമായിരുന്നു അതെന്നുമാണ് നവ്യ പ്രതികരിച്ചത്. മുകേഷ് സ്‌കിറ്റിന് ഒരു ഉപദേശം നല്‍കി, ‘കഴുകി വൃത്തിയാക്കിയിടുമ്പോള്‍ സന്യാസിമാര്‍ കാക്കയെ പോ കാക്കേ എന്ന് ഓടിക്കുന്നത് കൂടി വേണം ‘എന്നായിരുന്നു ഉപദേശം.