കുറച്ച് നാളുകളായി ബോളിവുഡിലേയും തെന്നിന്ത്യയിലേയും നടിമാരുടെ ഡീപ് ഫെയ്ക്ക് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. രശ്മിക മന്ദാന, ആലിയാ ഭട്ട്, കജോള്‍, കത്രീന കൈഫ് തുടങ്ങിയവരുടെ മോര്‍ഫ് ചെയ്യപ്പെട്ട വീഡിയോകള്‍ ഏവരിലും അമ്പരപ്പുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു താരംകൂടി ഡീഫ് ഫെയ്ക്ക് വീഡിയോയുടെ ഇരയായിരിക്കുകയാണ്.
ബോളിവുഡ് നടി നോറാ ഫത്തേഹിയുടെ ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ഒരു ക്ലോത്തിങ് ബ്രാന്‍ഡിന്റെ പരസ്യമാണ് നോറയുടെ മോര്‍ഫ് ചെയ്ത ചിത്രമുപയോഗിച്ച് നിര്‍മിച്ചിരിക്കുന്നത്. നോറ തന്നെയാണ് ഇക്കാര്യം തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി അറിയിച്ചത്. ഇത് താനല്ലെന്നും ഞെട്ടിപ്പോയെന്നും നടി ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ വ്യക്തമാക്കി.
അതേസമയം, രശ്മികയുടെ വ്യാജ വീഡിയോ നിര്‍മിച്ച പ്രധാനപ്രതി കഴിഞ്ഞ ദിവസമാണ് പിടിയിലായിരുന്നത്. ഇയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് നോറാ ഫത്തേഹിയുടെ വ്യാജവീഡിയോയും പുറത്തുവന്നത്. കഴിഞ്ഞ നവംബറിലാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചത്.
ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. എ.ഐ. അധിഷ്ഠിതമായ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മോര്‍ഫ്ഡ് വീഡിയോ ആയിരുന്നു പ്രചരിച്ചതെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ്ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫഌവന്‍സറുടെ വീഡിയോ ഉപയോഗിച്ചാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചത്.