മലയാളികൾക്കേറെ സുപരിചിതനാണ് നടൻ നിതീഷ് ഭരദ്വാജ്. മലയാളികളുടെ സ്വന്തം ഗന്ധർവനാണ് അദ്ദേഹം. ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ അദ്ദേഹം 33 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്.
ജയസൂര്യ നായകനാവുന്ന കത്തനാർ എന്ന ചിത്രത്തിലൂടെയാണ് തരാം വീണ്ടും എത്തുന്നത്.ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് നിതീഷ് അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പത്മരാജന്റെ ഞാൻ ഗന്ധർവ്വൻ ചിത്രത്തിൽ ഗന്ധർവ്വന്റെ റോളിലായിരുന്നു നിതീഷ് എത്തിയത്. അതേസമയം മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണൻ ആയും നിതീഷ് ഭരദ്വാജ് വേഷമിട്ടിരുന്നു.ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങളാണ് കത്തനാരിൽ എത്തുന്നത്.
അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ നായിക.കൂടാതെ പ്രഭുദേവ, സാൻഡി മാസ്റ്റർ തുടങ്ങി നിരവധി പേരും വേഷമിടുന്നു. ഹോളിവുഡ് സിനിമകളിൽ കണ്ടുവരുന്ന വെർച്വൽ പ്രൊഡക്ഷൻ രീതിയിൽ ചിത്രീകരിക്കുകയും ഈ ചിത്രീകരണത്തിനായി ഇന്ത്യയിലെ തന്നെ ആദ്യത്തെ വെർച്വൽ പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തിരുന്നു.
പീരിയോഡിക് ഫാന്റസി ഹൊറർ ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിന് ഡോ. ആർ രാമാനന്ദ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത് .ചിത്രത്തിന്റെ ആദ്യഭാഗം 2024 അവസാനത്തോടെ റിലീസ് ആയേക്കുമെന്നാണ് സൂചന.വെർച്വൽ പ്രൊഡക്ഷൻ ടെക്‌നോളജി ഉപയോഗിച്ച് 45,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കസ്റ്റം-ബിൽഡ് സ്റ്റുഡിയോയിലാണ് കത്തനാരിന്റെ ചിത്രീകരണം പൂർണമായി നടന്നത്. മലയാളത്തിനൊപ്പം ഇംഗ്ലീഷ്, 17 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.
പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധയും ഹൈപ്പും ലഭിക്കുന്ന ‘കത്തനാർ’ സംവിധാനം ചെയ്യുന്നത് റോജിൻ തോമസ് ആണ്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തെ കുറിച്ച് പുറത്തുവരുന്ന വാർത്തകളും അപ്ഡേറ്റുകളും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. എല്ലാ ഭാഷകളിൽ നിന്നുമുള്ള വമ്പൻ താരങ്ങൾ അണിനിരക്കുന്ന സിനിമയിൽ ഹോളിവുഡ് ടെക്നീഷ്യൻസ് അടക്കം പ്രവർത്തിക്കുന്നുണ്ട്.