മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് ഒരുക്കിയ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാല താരമായി സിനിമാ ലോകത്തേയ്ക്ക് എത്തിയ നിഖില ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പിന്നീട് ദിലീപിന്റെ നായികയായി എത്തിയതാടെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ നിഖിലയ്ക്ക് സാധിച്ചു. ഇപ്പോൾ മലയാളത്തിലെ യുവ നായികമാർക്കിടയിൽ ശ്രദ്ധേയയാണ് താരം. നിഖിലയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ നിഖിലയുടെ ചേച്ചി അഖില വിമലിന്റെ വിശേഷങ്ങളാണ് വാർത്തകളിൽ ഇടം നേടുന്നത്. അഖില വിമൽ സന്യാസം സ്വീകരിച്ചിരിച്ചെന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം സൂചിപ്പിച്ചത്. അവന്തിക ഭാരതി എന്ന് പേരും മാറ്റിയിട്ടുണ്ട്.
അഭിനവ ബാലാനന്ദ ഭൈരവയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു;
ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും സന്യാസവും മഹാ മണ്ഡലേശ്വർ പദവിയും സ്വീകരിച്ചു. സലിൽ ചേട്ടൻ എന്നതിൽ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തിൽ എന്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതിൽ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ധർമ്മപ്രചരണത്തിനും ധർമ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവർത്തനങ്ങൾ കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിപ്പ് ഭാരതത്തിന്റെ പാരമ്പര്യം ഉയർത്തുവാൻ രണ്ട് പേർക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാർത്ഥിച്ച് കൊണ്ട്, അഭിനവ ബാലാനന്ദഭൈരവ എന്നായിരുന്നു പോസ്റ്റ്.
ഈ വേളയിൽ അഖിലയെക്കുറിച്ച് നിഖില വിമൽ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു അപകടത്തിൽ പരിക്ക് പറ്റി ഏറെക്കാലം കിടപ്പിലായിരുന്നു എംആർ പവിത്രൻ. കൊവിഡ് കാലത്തായിരുന്നു മരണം. അച്ഛന്റെ മരണം ചേച്ചിയെ വല്ലാതെ ബാധിച്ചിരുന്നെന്ന് ഒരിക്കൽ നിഖില തുറന്ന് പറയുകയുണ്ടായി.
അച്ഛന്റെ മരണം എന്നേക്കാളും അമ്മയേക്കാളും ഏറ്റവും കൂടുതൽ ബാധിച്ചത് അവളെയാണ്. അച്ഛൻ കുട്ടിയായിരുന്നു അവൾ. അച്ഛനാണ് അവൾക്ക് പുസ്കതങ്ങൾ വാങ്ങിക്കൊടുത്തത്. അവളെ ലോകം കാണിച്ച് കൊടുത്തതും പഠിപ്പിച്ചതും അച്ഛനാണ്. അച്ഛന്റെ വീഴ്ച ഏറെ ബാധിച്ചത് അഖിലയെയാണ്. അച്ഛന്റെ മരണം ഉൾക്കൊള്ളാൻ അവൾക്ക് കുറേ സമയമെടുത്തു. അച്ഛനെക്കുറിച്ച് അവളെഴുതി വെച്ചത് ഈ ഫാദേഴ്സ് ഡേയ്ക്കാണ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത അന്ന് അവൾ എന്നെ വിളിച്ച് കുറേ കരഞ്ഞു.
എന്റെ ജീവിതത്തിൽ ഏറ്റവും സ്ട്രോങ്ങായ ആൾ അവളാണ്. ഞാൻ എന്ത് ചെയ്താലും എന്നെ സപ്പോർട്ട് ചെയ്യും. ഒരു തീരുമാനമെടുക്കാൻ ഞാൻ മറ്റ് പലരോടും ചോദിച്ചാലും അവസാനം പോയി നിൽക്കുന്നത് അവളുടെ അടുത്താണ്. അച്ഛൻ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അവളുടെ ജീവിതത്തിലാണ്. എനിക്ക് അറിവ് വെക്കും മുമ്പ് അച്ഛന് വയ്യതായിട്ടുണ്ട്.
ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ബുദ്ധിമുട്ട് പോലും ഞാനും ചേച്ചിയും ചിരിച്ച് മാത്രമേ പങ്കുവെക്കാറുള്ളൂ. അച്ഛൻ മരിച്ച് കഴിഞ്ഞിട്ടുണ്ടായ പല കാര്യങ്ങളും പറയുമ്പോഴും ഞാനും അവളും ചിരിക്കും. അച്ഛന് അനുവേച്ചിയെ കല്യാണം കഴിപ്പിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. എന്റെ കാര്യത്തിലുണ്ടായിരുന്നില്ല. ഇത്രയും ചെലവിട്ട് കല്യാണം നടത്തണം, സ്വർണം വാങ്ങണം, സാരി വാങ്ങണം.
ഇത്രയും ചെലവിട്ട് കല്യാണം നടത്തി അവൾ അവിടെ പോയി അവനെന്തെങ്കിലും പറഞ്ഞാൽ അവനെയടിച്ച് അവൾ തിരിച്ച് വരും. കല്യാണം നടത്തിയ ലോൺ നമ്മൾ അടയ്ക്കണം, അതുകൊണ്ട് അവളെ കല്യാണം കഴിപ്പിക്കണോ എന്ന് ഞാൻ ചോദിക്കാറുണ്ടായിരുന്നു. അത് പോലെയാണ് ഇപ്പോൾ എന്റെ കാര്യവും. ഇന്റർവ്യൂവൊക്കെ കണ്ട് പ്രൊപ്പസലുമായി വന്നവരുണ്ട്. എന്നാൽ തനിക്കതിൽ താൽപര്യം തോന്നിയില്ലെന്നുമാണ് നിഖില വിമൽ അന്ന് പറഞ്ഞത്.