മരയ്ക്കാറും ആറാട്ടും തിയേറ്ററിൽ തന്നെ… ഒടുവിൽ ആ അറിയിപ്പ് വന്നു!

മരയ്ക്കാറും ആറാട്ടും ഉള്‍പ്പെടെയുള്ള സിനിമകള്‍ തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. തിങ്കളാഴ്ച തിയറ്ററുകള്‍ തുറക്കാനിരിക്കെ മള്‍ട്ടിപ്ലെക്‌സ്, തിയറ്റര്‍ സംഘടനകളുമായി കൊച്ചിയില്‍ സംയുക്ത യോഗം ചേരുകയായിരുന്നു ഫിയോക് .

ഇരുപത്തിരണ്ടാം തീയതി മന്ത്രി സജി ചെറിയാനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം എല്ലാ സിനിമ സംഘടനയുടെയും അടിയന്തരയോഗം ചേരും. സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് വിശ്വാസമുണ്ടെന്നും ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍ പറഞ്ഞു

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തുറക്കാനിരിക്കുകയാണ്. 25 മുതൽ തിയേറ്ററുകൾ തുറക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും നികുതി അടക്കമുള്ള ചില ആവശ്യങ്ങൾ ഉടമകൾ മുന്നോട്ട് വെച്ചിരുന്നു

വിനോദ നികുതിയിൽ ഇളവ് നൽകണം, തിയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയിൽ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റർ ഉടമകളുടെ സംഘടനകൾ സർക്കാരിന് മുന്നിൽ ഉന്നയിച്ചത്.

ആറ് മാസത്തിന് ശേഷമാണ് തിയേറ്ററുകൾ തുറക്കുന്നത്. പ്രേക്ഷകർക്കും, സിനിമകൾ പെട്ടിയിലാക്കി കാത്തിരിക്കുന്ന സിനിമാ പ്രവർത്തകർക്കും തിയേറ്റർ ജീവനക്കാർക്കുമെല്ലാം ഒരു പോലെ ആശ്വാസമാണ് തീരുമാനം. ജീവനക്കാർക്കും പ്രേക്ഷകർക്കും 2 ഡോസ് വാക്സിൻ പൂർത്തിയായിരിക്കണമെന്ന നിബന്ധനയുണ്ട്. പകുതിപ്പേരെ മാത്രമേ പ്രവേശിപ്പിക്കാവു എന്നാണ് പ്രധാന നിബന്ധന.

Noora T Noora T :