തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും; സിനിമാ സംഘടനകളുമായി കൂടിയാലോചനയ്ക്ക് മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളുമായി കൂടിയാലോചന നടത്താന്‍ സാംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിനോദ നികുതിയില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ മാസം 25 മുതലാണ് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. 50% സീറ്റുകളില്‍ പ്രവേശനം അനുവദിക്കാമെന്ന് കോവിഡ് അവലോകന യോഗത്തില്‍ ധാരണയായി. രണ്ടുഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം.

എസി പ്രവര്‍ത്തിപ്പിക്കാം. സിനിമാ പ്രവര്‍ത്തകരുടെ നിരന്തര ആവശ്യത്തിനൊടുവിലാണ് ധാരണ. നിലവില്‍ 35 ഓളം മലയാള സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം അടക്കമുള്ള ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്.

2020 മാര്‍ച്ച് പകുതിയോടെ അടച്ച തിയേറ്ററുകള്‍ ഒന്നാം ഘട്ട കോവിഡ് ലോക്ഡൗണിന് ശേഷം 2021 ജനുവരിയില്‍ തുറന്നിരുന്നു.
വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്റര്‍ ആയിരുന്നു ആദ്യ ബിഗ് റിലീസ്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം ഭീതി ഉയര്‍ത്തിയതോടെ ഏതാനും മാസങ്ങള്‍ക്കിപ്പുറം തിയറ്ററുകള്‍ വീണ്ടും അടയ്ക്കേണ്ടിവന്നു. തമിഴ്നാട് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളും തിയറ്ററുകള്‍ നേരത്തേ തുറന്നിരുന്നു. മമ്മൂട്ടിയുടെ വണ്‍, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളും തിയേറ്ററുകളില്‍ എത്തി.

എന്നാല്‍ രണ്ടാം ഘട്ട ലോക്ഡൗണ്‍ സമയത്ത് തിയേറ്ററുകള്‍ വീണ്ടും അടയ്ക്കുകയായിരുന്നു. നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നുത്. അതേസമയം, പൃഥ്വിരാജിന്റെ ഭ്രമം അടക്കം നിരവധി സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നുണ്ട്.

Noora T Noora T :