ഇന്ധന വില വര്‍ദ്ധനയില്‍ വേറിട്ട പ്രതിഷേധവുമായി നടന്‍ പ്രേംകുമാര്‍; പരിപാടിക്ക് എത്തിയത് നടന്ന്!

ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് പരിപാടിക്ക് നടന്നെത്തി നടന്‍ പ്രേംകുമാര്‍. താന്‍ പഠിച്ച കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം പ്രതിഷേധ സൂചകമായി നടന്നെത്തിയത്.

സ്‌കൂളിലെ കുട്ടികള്‍ക്ക് അമ്മന്‍ കോവില്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സ്മാര്‍ട്ട് ഫോണ്‍ ലൈബ്രറി പദ്ധതി പ്രകാരം ഫോണുകള്‍ വിതരണം ചെയ്യുന്ന പരിപാടിയിലേക്കാണ് പ്രേം കുമാറിനെ ക്ഷണിച്ചിരുന്നത്. ഫോണുകള്‍ വിതരണം ചെയ്തത് പ്രേംകുമാറാണ്.

പ്രേംകുമാറിനു വന്നുപോകാന്‍ സംഘാടകര്‍ വാഹനം അയയ്ക്കാന്‍ തയ്യാറായെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. അര ക്കിലോമീറ്ററകലെയുള്ള വീട്ടില്‍നിന്നു നടന്നുവരുകയും ചടങ്ങ് കഴിഞ്ഞ് നടന്നുപോകുകയും ചെയ്തു.

സ്‌കൂള്‍ പി.ടി.എ., എസ്.എം.സി., വിവിധ ബാങ്കുകള്‍, മറ്റ് അഭ്യുദയകാംക്ഷികള്‍ എന്നിവരില്‍നിന്ന് 23 സ്മാര്‍ട്ട് ഫോണുകളാണ് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്കുവേണ്ടി ശേഖരിച്ചത്. നഗരസഭാംഗം മേടയില്‍ വിക്രമന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

അതേസമയം, പെട്രോള്‍ വിലയ്ക്ക് പുറമെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഡീസല്‍ വിലയും 100 രൂപ കടന്നിട്ടുണ്ട്. രാജസ്ഥാനിലെ വിവിധ പട്ടണങ്ങളിലും മധ്യപ്രദേശിലെ ചില നഗരങ്ങളിലുമാണ് ഡീസല്‍ വില 100 കടന്നത്. കേരളത്തില്‍ അടുത്തിടെയാണ് പെട്രോള്‍ വില നൂറ് രൂപ കടന്നത്. കേരളത്തില്‍ 2021 ഫെബ്രുവരിയില്‍ 86 രൂപയായിരുന്ന പെട്രോള്‍ വില നാല് മാസം കൊണ്ടാണ് 100 രൂപ കടന്നത്.

Noora T Noora T :