ബിഗ് ബോസ് മലയാളം സീസൺ 4 ലേക്ക് ഓഡിഷനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നു? സത്യാവസ്ഥ ഇതാണ്; മുന്നറിയിപ്പുമായി അണിയറക്കാര്‍

ഇന്ത്യൻ മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യതയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.
2006 ൽ ആണ് ബിഗ് ബോസ് ഷോ ഇന്ത്യയിൽ ആരംഭിക്കുന്നത്. ഇന്റർനാഷണൽ ഷോയായ ബിഗ് ബ്രദറിന് സമാനമായ റിയാലിറ്റി ഷോയാണിത്. ഹിന്ദിയിൽ ആരംഭിച്ച ഷോ വലിയ വിജയമായതിനെ തുടർന്ന് മറ്റുള്ള ഇന്ത്യൻ ഭാഷകളിലും ആരംഭിക്കുകയായിരുന്നു. മലയാളത്തിൽ മൂന്നാം സീസണ്‍ വരെ എത്തി നിൽക്കുകയാണ്

അടുത്ത സീസണിലേക്ക് (സീസണ്‍ 4) മത്സരാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ള ഓഡിഷന്‍ നടക്കുന്നതായി വ്യാജപ്രചരണം നടക്കുന്നുണ്ട്. ഇപ്പോൾ ഇതാ ഏഷ്യാനെറ്റ് സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രേക്ഷകര്‍ക്ക് ഇതു സംബന്ധിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. സീസണ്‍ 4 ഓഡിഷനുവേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നതായി വ്യാജപ്രചരണം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തട്ടിപ്പില്‍ വീഴരുതെന്നും അണിയറക്കാര്‍ അറിയിക്കുന്നു.

ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ വിശദീകരണം

ചില വ്യാജ ഓൺലൈൻ വെബ്സൈറ്റുകൾ ബിഗ് ബോസ് മലയാളം സീസൺ 4 ലേക്ക് ഓഡിഷനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡോ എൻഡെമോൾ ഷൈൻ ഗ്രൂപ്പോ ഇപ്പോൾ ഓഡിഷൻ അപേക്ഷകൾ ക്ഷണിച്ചിട്ടില്ലെന്നും കൂടാതെ ഏതെങ്കിലും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇതിനുവേണ്ടിയുള്ള അംഗീകാരം നൽകിയിട്ടില്ലായെന്നും വ്യക്തമാക്കുന്നു. ഷോയിൽ പങ്കാളിത്തം വാഗ്‍ദാനം ചെയ്യുന്ന ഏതെങ്കിലും ഏജൻസിക്കോ സ്ഥാപനങ്ങൾക്കോ വെബ്‌സൈറ്റുകൾക്കോ വ്യക്തിഗത വിശദാംശങ്ങളും വിലപ്പെട്ട രേഖകളും പങ്കിടരുതെന്ന് ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. റിയാലിറ്റി ഷോകളിലേക്കോ മറ്റ് പരിപാടികളിലേക്കോ അപേക്ഷകൾ ക്ഷണിക്കുമ്പോൾ അത് ടി വി ചാനലുകളിലോ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലോ പ്രസിദ്ധീകരിക്കുന്നതാണ്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയി ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഷോയുടെ ആരാധകര്‍. സീസണ്‍ 3ന് വേദിയായ തമിഴ്നാട്ടിലെ കൊവിഡ് ലോക്ക്ഡൗണ്‍ സാഹചര്യം മൂലം ഷോ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. മറിച്ച് 95-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. എന്നാല്‍ ഷോ അഴസാനിപ്പിച്ച ദിവസം അവശേഷിച്ച എട്ട് മത്സരാര്‍ഥികളില്‍ നിന്ന് പ്രേക്ഷകവോട്ടിംഗിലൂടെ വിജയിയെ തിരഞ്ഞെടുക്കാനായിരുന്നു സംഘാടകരുടെ തീരുമാനം. ഇതനുസരിച്ചുള്ള ഒരാഴ്ചത്തെ വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, കിടിലം ഫിറോസ്, നോബി മാര്‍ക്കോസ്, റംസാന്‍ മുഹമ്മദ്, റിതു മന്ത്ര, അനൂപ് കൃഷ്‍ണന്‍ എന്നിവരില്‍ ഒരാള്‍ ആയിരിക്കും ടൈറ്റില്‍ വിജയി.

Noora T Noora T :