കൊവിഡ്; ഫെഫ്‍കയുടെ സാന്ത്വന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നല്‍കി പൃഥ്വിരാജ്

ഫെഫ്‍കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവന നല്‍കി പൃഥ്വിരാജ്. മൂന്ന് ലക്ഷം രൂപയാണ് പൃഥ്വി നല്‍കിയത്. ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണന്‍ സംഘടനയുടെ നന്ദി അറിയിച്ചു.

ഫെഫ്‍കയ്ക്കു കീഴിലുള്ള 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്കായി ബൃഹത്തായ സഹായ പദ്ധതികൾ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ആശുപത്രിയിൽ അഡ്‍മിറ്റ് ആയ കൊവിഡ് ബാധിതർക്ക് ധനസഹായം, കൊവിഡ് മെഡിക്കൽ കിറ്റ്, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻരക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികൾ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കിൽ ആശ്രിതർക്ക് സംഘടനാ അംഗത്വം, ജോലി എന്നിവ അടങ്ങുന്നതാണ് ഫെഫ്‍കയുടെ കൊവിഡ് സാന്ത്വന പദ്ധതി. അപേക്ഷകൾ ഫെഫ്‍ക അംഗങ്ങൾ അതാത് സംഘടനകളുടെ മെയിലിലേക്കാണ് അയക്കേണ്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍ കല്യാൺ ഗ്രൂപ്പ് സ്ഥാപകന്‍ ടി എസ് കല്യാണരാമന്‍, ബിഗ് ബ്രദര്‍ സിനിമയുടെ നിര്‍മ്മാതാവ് ഫിലിപ്പോസ് കെ ജോസഫ് എന്നിവര്‍ അഞ്ച് ലക്ഷം രൂപ വീതം സാന്ത്വന പദ്ധതിയിലേക്ക് നല്‍കിയ വിവരം ഫെഫ്‍ക അറിയിച്ചിരുന്നു.

Noora T Noora T :