തനിക്കെതിരെ നടി രേവതി സമ്പത്ത് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍.
യാതൊരു വിധ നിയമ സംവിധാനവും ഉപയോഗിക്കാതെ തനിക്കും നടന്‍ ഷിജുവിനും എതിരെ സോഷ്യല്‍ മീഡിയയിലൂടെ രേവതി ആരോപിച്ച മാനസിക പീഡനാനുഭവം അപകീര്‍ത്തിപ്പെടുത്തുന്നതാണ്. വാര്‍ത്ത പിന്‍വലിക്കണമെന്നും സംവിധായകന്‍ ഒരു സ്വാകാര്യ ചാനലിനോട് പ്രതികരിച്ചു
‘പട്നഗര്‍’ എന്ന സിനിമയില്‍ അഭിനയിക്കവേ രാജേഷ് ടച്ച്‌റിവറില്‍ നിന്നും നടന്‍ ഷിജുവില്‍ നിന്നും മാനസിക പീഡനം നേരിട്ടു എന്നാണ് രേവതി സമ്പത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്.
സെറ്റില്‍ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയപ്പോള്‍ പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരില്‍ മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നു. പുതുമുഖങ്ങള്‍ക്ക് ഇത്രയും ധിക്കാരം വേണ്ട എന്ന് പറഞ്ഞ് മാപ്പ് പറയാന്‍ ഷിജുവും രാജേഷ് ടച്ച്‌റിവറും നിര്‍ബന്ധിച്ചതായും വിസമ്മതിച്ചപ്പോള്‍ അസഭ്യ വര്‍ഷം നടത്തിയതായും രേവതി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഷിജുവിനെ പുകഴ്ത്തി മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പില്‍ കണ്ട പോസ്റ്റിനെ തുടര്‍ന്ന് ഷിജു കടന്നുവന്ന വഴികളുടെ ചരിത്രം ആഘോഷിക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകളോടെ സിനിമയിലേക്ക് കടന്നുവന്ന ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കൂട്ടു നിന്നു എന്ന കുറ്റസമ്മതം കൂടെ നടത്തണമെന്നും രേവതി ആവശ്യപ്പെട്ടു. കുറിപ്പ് ചര്‍ച്ചയായതോടെ മൂവി സ്ട്രീറ്റ് ഗ്രൂപ്പില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്തിരുന്നു.