ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് ഒഴിവാക്കണം; ചടങ്ങ് ഓൺലൈനായി നടത്തുക; മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ നടി പാർവതി

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ നടി പാർവതി തിരുവോത്ത്. ട്വിറ്ററിലൂടെയാണ് പാർവതിയുടെ പ്രതികരണം.
500 പേരെ ഉൾപെടുത്തിയുള്ള സത്യപ്രതിജ്ഞ ചടങ്ങ് തീർത്തും തെറ്റായ തീരുമാനം ആണെന്ന് നടി പറഞ്ഞു.

‘വിർച്വലായി ചടങ്ങ് നടത്തി സർക്കാർ മാതൃക ആകണം. ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് ദയവായി ഒഴിവാക്കണം.’– സിഎംഒ കേരളയെ ഉദ്ധരിച്ചുകൊണ്ടാണ് പാർവതിയുടെ ട്വീറ്റ്.

500 പേർ എന്നത് മുഖ്യമന്ത്രിക്ക് വലിയൊരു സംഖ്യ അല്ല എന്നാണ്. കേസുകളുടെ എണ്ണം ഉയരുകയാണ്, നമ്മൾ ഇതുവരെ അന്തിമഘട്ടത്തിൽ എത്തിയിട്ടില്ല. ഒരു മാതൃക സൃഷ്ടിക്കാൻ അവസരം ഉള്ളപ്പോൾ ഇത് തീർത്തും തെറ്റാണ്. പാർവതി കൂട്ടിച്ചേർത്തു.

‘സർക്കാരിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് ഒരു സംശയവും ഇല്ല. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ വളരെ ഉത്തരവാദിത്വത്തോടെയാണ് പ്രവർത്തനങ്ങൾ. അതേ സർക്കാരിന്റെ ഭാഗത്ത്‌ നിന്നുള്ള ഈ നടപടി തീർത്തും ഞെട്ടലുണ്ടാകുന്ന ഒന്നാണ്.’ പാർവതി വ്യക്തമാക്കി.

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 20ന് പകൽ 3.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 500 പേർക്കാണ് ചടങ്ങിൽ പ്രവേശനം. സത്യപ്രതിജ്ഞ പോലുള്ള ചടങ്ങിന് 500 എന്നത് വലിയ സംഖ്യയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

50,000ൽ അധികം പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിലാണ് ഇത്രയും ചുരുക്കി ആളുകളെ പങ്കെടുപ്പിക്കുന്നത്. ഗവർണർ, മുഖ്യമന്ത്രി, 21 മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ചീഫ് സെക്രട്ടറി, പാർട്ടി പ്രതിനിധികൾ, ന്യായാധിപൻമാർ, രാജ്ഭവനിലെയും സെക്രട്ടേറിയറ്റിലെയും ചുമതലയുള്ള ഉദ്യോഗസ്ഥർ, ഭരണഘടനാ പദവി വഹിക്കുന്നവർ, സമൂഹത്തിലെ വിവിധ ധാരകളുടെ പ്രതിനിധികൾ, മാധ്യമങ്ങൾ എന്നിവരെല്ലാം ചേർന്നാണ് 500 പേർ.

ക്ഷണിക്കപ്പെട്ടവർ 2.45നകം സ്റ്റേഡിയത്തിൽ എത്തണം. 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ, ആൻറിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റുകളോ, രണ്ടു തവണ വാക്സീൻ എടുത്ത സർട്ടിഫിക്കറ്റോ കയ്യിൽ കരുതണം. എംഎൽഎമാർക്കു കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഉണ്ടാകും. പങ്കെടുക്കുന്നവര്‍ ഡബിൾ മാസ്ക് ധരിക്കുകയും കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും ചെയ്യണം. ജനങ്ങളാൽ തിരഞ്ഞെടുക്കുന്നവരുടെ സത്യപ്രതിജ്ഞ തിരഞ്ഞെടുത്ത ജനമധ്യത്തിൽ അവരുടെ ആഘോഷത്തിമിർപ്പിലാണ് സാധാരണ നടക്കേണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു.

Noora T Noora T :