തോല്‍വിയ്ക്ക് ശേഷം കാവ്യ ദുഃഖം ഉള്ളില്‍ അടക്കാന്‍ ശ്രമിക്കുന്നതും കാമറകള്‍ക്ക് മുഖം കൊടുക്കാതിരിക്കാന്‍ ശ്രമിക്കുന്നതും കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. സാരമില്ല, മറ്റൊരു ദിവസം വന്നുചേരും; അമിതാഭ് ബച്ചന്‍

ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടുള്ള തോല്‍വി നിരാശപ്പെടുത്തുന്നുവെന്ന് ബിഗ് ബി അമിതാഭ് ബച്ചന്‍. ടീം ഉടമ കാവ്യ മാരന്‍ തോല്‍ക്കുന്ന നിമിഷം വൈകാരികമായി കണ്ണീര്‍ തുടക്കുകയും ഉള്ളിലെ സങ്കടം ഒതുക്കി ടീമിന്റെ കൈയടിച്ച് അഭിനന്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തനിക്ക് വിഷമം തോന്നിയെന്നും ബച്ചന്‍ പറഞ്ഞു.

തന്റെ ബ്ലോഗില്‍ ബിഗ് ബി തോല്‍വിയെക്കുറിച്ച് എഴുതി, ഐപിഎല്‍ ഫൈനല്‍ അവസാനിച്ചു, കെകെആര്‍ ഏറ്റവും വിശ്വസനീയമായ വിജയം നേടി..എസ്ആര്‍എച്ച് പുറത്തായി.. പല തരത്തില്‍ നിരാശപ്പെടുത്തുന്നു, കാരണം എസ്ആര്‍എച്ച് ഒരു നല്ല ടീമാണ്. മറ്റ് ദിവസങ്ങളില്‍ അവരുടെ പ്രകടനം ഗംഭീരമായിരുന്നു.

എന്നാല്‍ തോല്‍വിക്ക് ശേഷം കാവ്യ മാരന്‍ അവളുടെ ദുഃഖം ഉള്ളില്‍ അടക്കാന്‍ ശ്രമിക്കുന്നതും കാമറകള്‍ക്ക് മുഖം കൊടുക്കാതിരിക്കാന്‍ ശ്രമിക്കുന്നതും കണ്ടപ്പോള്‍ എനിക്ക് അവളോട് വല്ലാത്ത വിഷമം തോന്നി. സാരമില്ല, മറ്റൊരു ദിവസം വന്നുചേരുമെന്നും ബിഗ് ബി കുറിച്ചു.

മത്സരത്തില്‍ ടോസ് നേടിയ എസ്ആര്‍എച്ച് ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം 10.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. യുവതാരം വെങ്കിടേഷ് അയ്യര്‍ 26 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നു.

ഓപ്പണര്‍മാരായ റഹ്മാനുല്ല ഗുര്‍ബാസും (32 പന്തില്‍ 39), സുനില്‍ നരെയ്‌നും (രണ്ട് പന്തില്‍ ആറ്) മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ പുറത്തായ ബാറ്റര്‍മാര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറില്‍ 113 റണ്‍സില്‍ പുറത്തായി. 19 പന്തില്‍ 24 റണ്‍സ് എടുത്ത പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്കായി റസ്സല്‍ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നവിര്‍ രണ്ട് വിക്കറ്റെടുത്തും തിളങ്ങി.

Vijayasree Vijayasree :