സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കും; വമ്പൻ പ്രഖ്യാപനവുമായി ചിരഞ്ജീവി

സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി. സിനിമാ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമാണ് സൗജന്യ വാക്സിൻ നൽകുക.
താരത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ ക്രൈസിസ് ചാരിറ്റിയും (സിസിസി) അപ്പോളോ 247-മായി സഹകരിച്ചാണ് വാക്‌സിന്‍ നല്‍കുന്നത്.

ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ചിരഞ്ജീവി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 22 മുതല്‍ 45 വയസിന് മുകളിലുള്ള എല്ലാ സിനിമാ പ്രവര്‍ത്തകര്‍ക്കും തെലുങ്ക് സിനിമാ മാധ്യമ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കും.

വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് അവരുടെ പങ്കാളികളെയും കൊണ്ടു വരാമെന്നും താരം അറിയിച്ചു. ഒരു മാസത്തോളം വാക്‌സിന്‍ വിതരണം ഉണ്ടാകും. കഴിഞ്ഞ വര്‍ഷമാണ് തെലുങ്ക് സിനിമാരംഗത്തെ സഹപ്രവര്‍ത്തകരുമായി സഹകരിച്ച് സിസിസിക്ക് ചിരഞ്ജീവി തുടക്കം കുറിച്ചത്.

കോവിഡ് ലോക്ഡൗണിനിടെ ദുരിതത്തിലായ സിനിമാമേഖലയില്‍ ഉള്ളവര്‍ക്ക് സിസിസി സഹായങ്ങള്‍ ചെയ്തിരുന്നു. നാഗാര്‍ജുന, പ്രഭാസ്, രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ താരങ്ങള്‍ സിസിസിയിലേക്ക് സംഭാവനയും നല്‍കിയിരുന്നു.

Noora T Noora T :