പ്രശസ്ത കലാസംവിധായകന്‍ പി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചകഴിഞ്ഞ് ചെന്നൈ മടിപ്പാക്കത്തെ വസതിയില്‍ നടക്കും. മലയാളം, തമിഴ്, കന്നഡ, തെലുഗു, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 55-ഓളം സിനിമകളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ക ലാസംവിധാനത്തിന് മൂന്നു തവണയും വസ്ത്രാലങ്കാരത്തിന് രണ്ടു തവണയും ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.
അഞ്ചു തവണ കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡിന് പുറമെ കലൈമാമണി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.സ്വാതിതിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, രാജശില്‍പി, പരിണയം, ഗസല്‍, കുലം, വചനം, ഒളിയമ്പുകള്‍ തുടങ്ങി പതിനഞ്ചിലേറെ മലയാള ചിത്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തഞ്ചാവൂരിനടുത്ത് തീരദേശ നഗരമായ പൂമ്പുഹാറില്‍ ജനിച്ച കൃഷ്ണമൂര്‍ത്തി 1975-ല്‍ ജി.വി അയ്യരുടെ കന്നഡ ചിത്രം ഹംസ ഗീതയിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് വരുന്നത്.