നിയമം സമ്പൂർണ്ണമായി തോൽക്കുന്ന ഇടങ്ങളിൽ സ്ത്രീകൾ നേരിട്ടിറങ്ങി ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യുന്നത്; ഹരീഷ് വാസുദേവൻ

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച ആളെ മർദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ. നിയമം സമ്പൂർണ്ണമായി തോൽക്കുന്ന ഇടങ്ങളിലാണ് സ്ത്രീകൾ നേരിട്ടിറങ്ങി ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യുന്നതെന്ന് ഹരീഷ് പറയുന്നു.

ഹരീഷിന്റെ കുറിപ്പ് വായിക്കാം:

തിരുവനന്തപുരത്തെ ഓപ്പറേഷൻ ഫെമിനിസം നാട്ടിൽ ഇനിയും ആവർത്തിക്കും. വീഡിയോയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീലം, വ്യക്തിഹത്യ, എന്നിവ നടത്തുന്നവരെ അതിനിരയായവർ നേരിട്ടിറങ്ങി അടിച്ചു കൈകാര്യം ചെയ്യുന്ന കാഴ്ചയാണ് അത്.

നിയമം സമ്പൂർണ്ണമായി തോൽക്കുന്ന ഇടങ്ങളിൽ സ്ത്രീകൾ നേരിട്ടിറങ്ങി ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണിൽ തെറ്റ് ആണെങ്കിലും അത് ഒരർത്ഥത്തിൽ നീതിയാണ്. അയാളുടെ വിഡിയോ വയലൻസ് ആണ്. അതിനെതിരായ സ്ത്രീകളുടെ ചെറുത്തുനിൽപ്പാണ് നാം കണ്ടത്. ബസ്സിൽ ഞരമ്പ് രോഗികളെ പിൻ വെച്ചു കുത്തുന്ന പോലുള്ള ഒരു റിയാക്‌ഷൻ. അൽപ്പം പ്ലാൻഡ് ആണെന്ന വ്യത്യാസമുണ്ട്.

അടി കിട്ടിയവൻ പരാതി പറയാൻ പോലും സാധ്യതയില്ല. പറഞ്ഞാലും കേസെടുക്കാൻ ചെറിയ വകുപ്പുകൾ. ആ സ്ത്രീകൾക്ക് ജാമ്യമെടുത്ത് കേസ് നടത്താവുന്നതേ ഉള്ളൂ. കൂടുതൽ പേർ ഇറങ്ങി ഇത്തരം ഞരമ്പ് രോഗികളെ അടിച്ചു മര്യാദ പഠിപ്പിക്കുന്ന കാഴ്ച നാം കാണും.

പാർലമെന്റിന്റെയും കേന്ദ്രസർക്കാരിന്റെയും സംപൂർണ പരാജയമാണ് ഈ സൈബർ ബുള്ളിയിങ്. ഐടി ആക്ടിൽ ഭേദഗതി കൊണ്ടുവരാതെ കേന്ദ്രമാണ് ഈ സ്ഥിതി ഉണ്ടാക്കിയത്. ഞരമ്പ് രോഗികളെ സോഷ്യൽ മീഡിയയിൽ മേയാൻ വിട്ടിരിക്കുകയാണ് സർക്കാരുകൾ. അത്യാവശ്യമുള്ള നിയമമൊക്കെ ഓർഡിനൻസ് ആയി വരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കേരളാ സർക്കാരും ഒന്നും ചെയ്യുന്നില്ല.

ഈ സൈബർ അശ്ലീലം തടയാൻ നിയമം കൊണ്ടുവന്നില്ലെങ്കിൽ നേരിട്ട് ഇരകൾ ഇറങ്ങി അടിച്ചു തീർക്കും. Rule of Law യുടെ പരാജയമാണ് എന്നു നിലവിളിച്ചിട്ടു കാര്യമില്ല. ആ സ്ത്രീകൾക്ക് ഇത് മാത്രമേ ഈ സമൂഹത്തിൽ ചെയ്യാനുള്ളൂ.

ഇത് ആവർത്തിക്കാതെ ഇരിക്കാൻ അടിയന്തിരമായി സർക്കാർ നിയമം ശക്തമാക്കണം എന്നു അധികാരമുള്ള പുരുഷന്മാർ ആവശ്യപ്പെടുന്ന കാലത്തേ ഇതിനു പരിഹാരം ഉണ്ടാകൂ. അടി ചെയ്യും ഗുണം അണ്ണൻ തമ്പിയും ചെയ്യില്ല എന്നത് ഇക്കാര്യത്തിൽ നടക്കാനാണ് സാധ്യത.

ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ, ഒരുപാട് സ്ത്രീകൾ മടിക്കുന്ന കാര്യമാണ് നിങ്ങൾ ചെയ്തത്. നിങ്ങൾക്കെന്റെ അഭിവാദ്യങ്ങൾ.

Noora T Noora T :