കതക് തുറന്നപ്പോൾ കണ്ടത് ഐശ്വര്യയെ! കോട്ടയത്തെ വീട്ടുമുറ്റത്ത് രഹസ്യ വരവ്! ഞെട്ടൽ മാറാതെ ഷീല

നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന അല്ലെങ്കിൽ കാണാൻ ആഗ്രഹിക്കുന്ന സെലിബ്രിറ്റി പെട്ടന്നൊരു ദിവസം നമ്മുടെ വീട്ടുമുറ്റത്ത് നിൽക്കുന്നത് കണ്ടാൽ നമ്മൾ എന്താകും ചെയ്യുന്നത്. ഇത് സത്യമാണോ സ്വപ്നമാണോ എന്ന് മനസിലാക്കാൻ പോലും കുറച്ച് സെക്കന്റ സമയം നമ്മളെടുക്കും. ഇപ്പോൾ അപ്രത്യക്ഷമായി വീട്ടിൽ കയറിവന്ന അതിഥിയെ കണ്ട ഞെട്ടലിലാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ഷീല എന്ന യുവതി. തമിഴ് സൂപ്പർ താരം രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത് ആണ് ഷീലയെയും കുടുംബത്തെയും ഞെട്ടിച്ച ആ അതിഥി. ഷീലയുടെ ഭർതൃമാതാവും മെഡിക്കൽ കോളജിൽനിന്നു വിരമിച്ച നഴ്സുമായ എൽസമ്മ ജോസഫിനെ കാണാനാണ് ഐശ്വര്യ വന്നത്. കാൻസർ ചികിത്സാരംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ഡോ. സി.പി.മാത്യുവിനെപ്പറ്റി ഐശ്വര്യ ചെയ്യുന്ന ഡോക്യുമെന്ററിയിലേക്ക് എത്സമ്മയുടെ അഭിമുഖം എടുക്കുകയായിരുന്നു വരവിന്റെ ഉദ്ദേശ്യം. എൽസമ്മ ജോസഫിന്റെ മകൻ അനു തോമസിന്റെ ഭാര്യയാണ് ഷീല.

‘‘കോട്ടയം കഞ്ഞിക്കുഴി പാറമ്പുഴയിലാണ് ഞങ്ങളുടെ വീട്. മേയ് രണ്ടിന് അപ്രതീക്ഷിതമായിട്ടാണ് വീട്ടിൽ ഒരു അതിഥി എത്തിയത്. പെട്ടെന്ന് വീട്ടിൽ കയറിവന്ന അതിഥിയെക്കണ്ടു ഞങ്ങൾ ഞെട്ടി. ഞങ്ങൾക്ക് വളരെ അടുപ്പമുള്ള, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. സുരേഷിനൊപ്പം കയറി വന്നത് തമിഴ് സൂപ്പർ താരം രജനികാന്തിന്റെ മകൾ ഐശ്വര്യ ആയിരുന്നു. എന്റെ ഭർത്താവിന്റെ അമ്മ എൽസമ്മ ജോസഫ് 24 വർഷത്തോളം കോട്ടയം മെഡിക്കൽ കോളജിൽ നഴ്സ് ആയിരുന്നു. വിരമിച്ചിട്ടു പതിനെട്ടു വർഷമായി. മമ്മി ജോലി ചെയ്യുമ്പോൾ അവിടെ സി.പി. മാത്യു എന്നൊരു ഡോക്ടർ ഉണ്ടായിരുന്നു.
കാൻസർ സ്പെഷലിസ്റ്റ് ആയിരുന്നു അദ്ദേഹം. വൈദ്യശാസ്ത്ര രംഗത്ത് ഒരുപാട് സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹം മരിച്ചുപോയി. ഡോ. സി.പി. മാത്യുവിനോപ്പം കാൻസർ വാർഡിൽ ഒരുപാടുകാലം അമ്മ വർക്ക് ചെയ്തിരുന്നു. ഐശ്വര്യ രജനികാന്ത് ഡോക്ടറെപ്പറ്റി ഒരു ഡോക്യുമെന്ററി ചെയ്യുന്നുണ്ട്. അമ്മയുമായി ഏറെ അടുപ്പം സാറിനുണ്ടായിരുന്നു. അതറിഞ്ഞിട്ട് അമ്മയോട് ഡോക്ടറെപ്പറ്റി ചോദിച്ചറിയാൻ വന്നതാണ്. ഐശ്വര്യയാണ് അമ്മയോട് ചോദ്യങ്ങൾ ചോദിച്ചത്. അവരോടൊപ്പം ക്യാമറ ചെയ്യാനും മറ്റുമായി എട്ടൊമ്പതു പേരുണ്ടായിരുന്നു. അമ്മയെ കാണാൻ ചിലരൊക്കെ ഇടയ്ക്കിടെ വരാറുണ്ട്. ഡോക്ടർമാരൊക്കെ ഇതുവഴി പോകുമ്പോൾ കയറും. സുരേഷ് സാർ ഇടയ്ക്ക് വരാറുണ്ട്. ഇതുപോലൊരു ദിവസം ഡോക്ടർ വിളിച്ചിട്ട്, അതുവഴി വരുന്നുണ്ട് എന്നു പറഞ്ഞു. ആരാണ് കൂടെ വരുന്നതെന്ന് പറഞ്ഞില്ല. ഐശ്വര്യ വരുമെന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും കരുതിയില്ല, അതുകൊണ്ടു തന്നെ ഐശ്വര്യ വന്നത് ആരും അറിഞ്ഞില്ല.

ആദ്യം ഡോക്ടർ കയറിവന്ന് ‘ഒരു സർപ്രൈസ് ഉണ്ട്, ഐശ്വര്യ രജനീകാന്ത് ആണ് വന്നത്’ എന്നു പറഞ്ഞപ്പോൾ ഞങ്ങൾ അമ്പരന്നുപോയി. ആരോടും പറയാതെ വന്നതുകൊണ്ട് തൊട്ടടുത്തുള്ളവർ പോലും അറിഞ്ഞില്ല. അമ്മയും ഞാനും എന്റെ കുട്ടികളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അധികം പബ്ലിസിറ്റി കൊടുത്താൽ ആളുകൾ കൂടും എന്നുള്ളതുകൊണ്ടായിരിക്കും അവർ പറയാത്തത്. അതുകൊണ്ടു തന്നെ അധികം ബഹളവും തിരക്കും ഇല്ലാതെ, വന്ന കാര്യം നടത്തി മടങ്ങാൻ കഴിഞ്ഞു. ഐശ്വര്യയ്ക്ക് കൊടുക്കാൻ സ്‌പെഷൽ ഒന്നും കരുതാൻ പറ്റിയില്ല. പെട്ടെന്ന് ജൂസ് ഉണ്ടാക്കി, ചെറിയ പലഹാരവും കൊടുത്തു. അതെല്ലാം സന്തോഷത്തോടെ ഐശ്വര്യ കഴിച്ചു. ഞങ്ങൾക്ക് വീട്ടിൽ ഒരു അതിഥി വന്നതുപോലെയേ തോന്നിയുള്ളൂ. വളരെ സിംപിൾ ആയ വ്യക്തിയാണ് ഐശ്വര്യ. എല്ലാവരോടും സ്നേഹത്തോടെ പെരുമാറി ഞങ്ങളോടൊപ്പം ഫോട്ടോ ഒക്കെ എടുത്തിട്ടാണ് മടങ്ങിയത്. അപ്രതീക്ഷിതമായി വന്നതുകൊണ്ട് ഒന്നും കരുതി വയ്ക്കാൻ പറ്റിയില്ല. എന്തായാലും ഞങ്ങൾ എല്ലാം ഞെട്ടലിലാണ്. എന്റെ സുഹൃത്തുക്കളോടൊക്കെ പറഞ്ഞിട്ട് അവർ വിശ്വസിക്കുന്നില്ല. പിന്നെ ഫോട്ടോ കാണിച്ചപ്പോഴാണ് വിശ്വാസം വന്നതെന്നും ഷീല പറയുന്നു.‌‌

Merlin Antony :