ദിലീപിന് മാത്രമാണല്ലോ പരാതി, ആ ആവിശ്യം തള്ളി; കോടതിയിൽ നാടകീയ രംഗങ്ങൾ

ഹൈക്കോടതിയിൽ നടന്ന വാദപ്രദിവാദങ്ങൾക്കൊടുവിൽ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അതിജീവിതയുടെ ഹർജിയിൽ വിധിപറയുന്നത് ഹൈക്കോടതി മാറ്റി.

അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോ എന്ന് കോടതി ചോദിച്ചു. ദിലീപിന് മാത്രമാണല്ലോ പരാതി എന്നും ചോദിച്ച കോടതി ഹർജി വിധി പറയാൻ മാറ്റി. അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ വാദം മാറ്റി വെക്കണമെന്നായിരുന്നു ദിലീപിൻ്റെ ആവശ്യം. കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യുറിയെ നിയോഗിച്ചു. അഡ്വ രഞ്ജിത്ത് മാറാർ ആണ് അമികസ് ക്യൂറി.

ഫോറൻസിക് റിപ്പോർട്ട് അവഗണിക്കണെമന്നാണോ ദിലീപ് പറയുന്നതെന്ന് അതിജീവിത കോടതിയിൽ ചോദിച്ചു. മെമ്മറി കാർഡ് ചോർന്നതിൽ കോടതി സ്വമേധയാ ഇടപെടണമെന്ന് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

മെമ്മറി കാർഡ് ചോർന്നതിൽ പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ട്. ഇര എന്ന നിലയിൽ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണം. മെമ്മറി കാർഡ് ചോർത്തിയ പ്രതികളെ ഉണ്ടെങ്കിൽ കണ്ടെത്തണം. മെമ്മറി കാർഡ് ആരോ മനപ്പൂർവ്വം പരിശോധിച്ചിട്ടുണ്ട്. അതിൽ നടപടി ഉണ്ടാകണം. വിചാരണ വൈകിക്കാനല്ല ഹർജി. വിചാരണ പൂർത്തിയാക്കാനുളള സമയം സുപ്രീം കോടതി നീട്ടി നൽകിയിട്ടുണ്ടെന്നും അതിജീവിത കോടതിയിൽ പറഞ്ഞിരുന്നു.

അതിജീവിത നൽകിയ ഹർജിക്ക് മറ്റു പല ഉദ്ദേശ്യങ്ങളുമുണ്ടെന്നാണ് ദിലീപ് ആരോപിച്ചത്. ഈ കേസിൽ 250ലധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ജഡ്ജി വിധി പറയുന്നത് തടയുകയെന്ന ഉദ്ദേശ്യവും അതിജീവിതയ്ക്കും പ്രോസിക്യൂഷനുമുണ്ട്. മാത്രമല്ല, മെമ്മറി കാർഡ് ചോർന്നു എന്നു പറയുന്നത് തെറ്റായ വ്യാഖ്യാനമാണ്. അതിനുള്ള തെളിവ് കൈവശമുണ്ട്. വിചാരണ വേളയിൽ അക്കാര്യങ്ങൾ പുറത്തുകൊണ്ടുവരും. ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറി (എഫ്എസ്എൽ) സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്. ആ ഘട്ടത്തിൽ ഇതെല്ലാം പുറത്തു കൊണ്ടുവരുമെന്നും, ഇപ്പോൾ പുറത്തുവിട്ടാൽ വിചാരണയെ ബാധിക്കുമെന്നുമാണ് വാദം. എന്തുകൊണ്ട് കേസ് മാറ്റിവയ്ക്കണമെന്ന കാര്യത്തിൽ തന്റെ വാദങ്ങൾ സീൽഡ് കവറിൽ കോടതിയിൽ ഹാജരാക്കാനും ദിലീപ് സന്നദ്ധത അറിയിച്ചു.

നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണു കേസുകാരണം നഷ്ടമായതെന്നും ദിലീപ് ഇതേ ഹർജി മുൻപു പരിഗണിക്കുമ്പോൾ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ഈ നീക്കത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു.

അതേസമയം, കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നതുവഴി നിർണായകമായ തെളിവു നശിപ്പിക്കാനുള്ള കൃത്യമായ ശ്രമമാണു നടന്നതെന്നാണ് അതിജീവിതയുടെ വാദം. സാമൂഹമാധ്യമ അക്കൗണ്ടുകളുള്ള മൊബൈൽ ഫോണിൽ മെമ്മറി കാർഡ് ഇട്ടിട്ടുണ്ടെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരിയായ അതിജീവിത കോടതിയെ സമീപിച്ചത്.

അതേസമയം, വിചാരണയ്ക്ക് കൂടുതല്‍ സമയം സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ ആവശ്യം കണക്കിലെടുത്താണ് സുപ്രീംകോടതി ഇക്കാര്യം അംഗീകരിച്ചത്. 2024 മാര്‍ച്ച് 31 വരെയാണ് വിചാരണയ്ക്ക് സുപ്രീംകോടതി അനുവദിച്ചിരിക്കുന്ന സമയം. നേരത്തെ പല തവണ സമയം നീട്ടി നല്‍കിയിരുന്നു. എന്നാല്‍ വിചാരണ പല കാരണങ്ങളാല്‍ വൈകി. ഇനിയും സമയം കൂടുതല്‍ അനുവദിക്കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജസ്റ്റിസുമാരായ അനിരുദ്ധ ബോസും ബേല എം ത്രിവേദിയും കൂടുതല്‍ സമയം അനുവദിക്കുകയാണ് ചെയ്തത്.

Noora T Noora T :