‘ബ്രേക്കിങ് ന്യൂസ്….ചന്ദ്രനിൽ ചായയടിച്ച് ഒരാൾ’, പരിഹസിച്ച് പ്രകാശ് രാജ്; കൂടോടെ ഇളകി

ചന്ദ്രയാൻ–3 ചന്ദ്രനിൽ ഇറങ്ങുന്നതു കാണാനായി നിമിഷങ്ങളെണ്ണി ഇന്ത്യ കാത്തിരിക്കുകയാണ്. അതിനിടെ ട്രോളുമായി നടൻ പ്രകാശ് രാജ്

‘ബ്രേക്കിങ് ന്യൂസ്: ചന്ദ്രനിൽനിന്ന് വിക്രം ലാൻഡർ അയയ്ക്കുന്ന ആദ്യ ചിത്രം’ എന്ന കുറിപ്പോടെ, മുണ്ട് മടക്കിക്കുത്തി ഷർട്ട് ഇട്ടൊരാൾ ചായ അടിക്കുന്ന ചിത്രമാണു പ്രകാശ് രാജ് സമൂഹമാധ്യമമായ എക്സിൽ (ട്വിറ്റർ) പങ്കുവച്ചത്. ഐഎസ്‍ആർഒയെയും ശാസ്ത്രജ്ഞരെയും അവരുടെ ആത്മസമർപ്പണത്തെയും പരിഹസിച്ചെന്നാരോപിച്ച് വിമർശനവുമായി ആളുകൾ രംഗത്തെത്തി.

രാഷ്ട്രീയനേതാക്കളേയും മറ്റും വിമര്‍ശിക്കുന്ന തരത്തില്‍ ദേശീയ വിഷയങ്ങളെ കാണരുതെന്നു ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നു. ‘പ്രകാശ്–ജി, ചന്ദ്രയാൻ മിഷൻ ഐഎസ്ആർഒയുടെ ആണ്, അല്ലാതെ ബിജെപിയുടെ അല്ല. ദൗത്യം വിജയിച്ചാൽ അത് ഇന്ത്യയ്ക്കുള്ളതാണ്. അല്ലാതെ ഏതെങ്കിലും പാർട്ടിക്കുള്ളതല്ല. എന്തിനാണ് ചന്ദ്രയാൻ പരാജയപ്പെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്’– ഒരാൾ ചോദിച്ചു. ‘ഇത് അനാവശ്യമാണ്. മഞ്ഞിനേക്കാൾ വേഗത്തിലാണ് നിങ്ങൾ ഉരുകുന്നത്. വേഗത്തിൽ ഭേദമാകട്ടെ എന്ന് ആശംസിക്കുന്നു’– മറ്റൊരാൾ കുറിച്ചു.

അതേസമയം ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ഇറങ്ങുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്​ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയാണ് (എല്‍എച്ച്ഡിഎസി) ചിത്രങ്ങള്‍ പകര്‍ത്തിയത്. വന്‍ ഗര്‍ത്തങ്ങളും പാറക്കഷ്ണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ഇറങ്ങാന്‍ പറ്റിയ പ്രദേശം കണ്ടെത്താനാണ് ക്യാമറ സഹായിക്കുന്നത്. അഹമ്മദാബാദിലെ സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ സെന്ററിലാണ് ക്യാമറ വികസിപ്പിച്ചത്.

ചന്ദ്രയാന്‍ 3 ദൗത്യം ചന്ദ്രനെ തൊടാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രനിലേക്ക് അടുപ്പിക്കുന്ന രണ്ടാം ഡീബൂസ്റ്റിങ്ങും (വേഗം കുറയ്ക്കല്‍) വിജയമായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണു ഡീബൂസ്റ്റിങ് നടത്തിയത്. ഇതോടെ 25 കിലോമീറ്റര്‍ വരെ ചന്ദ്രനോട് അടുത്തുള്ള ഭ്രമണപഥത്തിലാണ് മൊഡ്യൂള്‍.

23നു വൈകിട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ടാണു പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ലാന്‍ഡര്‍ മൊഡ്യൂളിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

Noora T Noora T :