ആദ്യഭാഗം സിദ്ദിഖ് തയ്യാറാക്കിയിരുന്നു, വിട പറഞ്ഞത് ആ ആഗ്രഹം ബാക്കിയാക്കി

തുടർച്ചയായി സൂപ്പർ മെഗാ ഹിറ്റുകൾ എങ്ങനെയൊരുക്കാമെന്ന് മലയാള സിനിമയെ പരിചയപ്പെടുത്തിയ ‘ഗോഡ്ഫാദർ’ ആയിരുന്നു സിദ്ദിഖ്. 68-ാമത്തെ വയസിൽ അപ്രതീക്ഷിതമായി ചലച്ചിത്ര ലോകത്ത് നിന്ന് അദ്ദേഹം യാത്രപറഞ്ഞു. പളളിക്കരയിലെ വീട്ടിൽ നിന്ന് മൃതദേഹം വിലാപയാത്രയായിട്ടാണ് എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. മലയാള സിനിമാ ലോകവും അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടേക്കെത്തി. ചേതനയറ്റ പ്രിയ സുഹൃത്തിനെക്കണ്ട് നടനും സംവിധായകനുമായ ലാൽ വിങ്ങിപ്പൊട്ടി. മമ്മൂട്ടി, സായികുമാർ, ജഗദീഷ്, കമൽ, ബി ഉണ്ണികൃഷ്ണൻ തുടങ്ങി താരങ്ങളും സംവിധായകരുമടക്കം സിനിമാ മേഖല ഒന്നാകെ യാത്രാമൊഴി ചൊല്ലി.

സിനിമാ രംഗത്തെ പ്രമുഖർക്കൊപ്പം മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മമ്മൂട്ടി സിദ്ദിഖിനെ അനുസ്മരിച്ചിരുന്നു.

”വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേര്‍പാടുകള്‍… അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ…. സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി” എന്നാണ് മമ്മൂട്ടി കുറിച്ചത്.

‘ഹിറ്റ്‌ലര്‍’ അടക്കം മമ്മൂട്ടിയെ നായകനാക്കി മൂന്ന് ചിത്രങ്ങള്‍ സിദ്ദിഖ് ചെയ്തിട്ടുണ്ട്. സിദ്ദിഖ് സ്വതന്ത്ര്യ സംവിധായകനായ ശേഷം ആദ്യം സംവിധാനം ചെയ്ത ഹിറ്റ്‌ലര്‍, ‘ക്രോണിക് ബാച്ചിലര്‍’, ‘ഭാസ്‌കര്‍ ദ റാസ്‌ക്കല്‍’ എന്നിവയായിരുന്നു അത്. കൂടാതെ മമ്മൂട്ടിയെ വച്ച് പുതിയ ചിത്രത്തിന്റെ ആലോചനയ്ക്കിടയിലാണ് അപ്രതീക്ഷിതമായി മരണം സിദ്ദിഖിനെ തട്ടിയെടുത്തത്. ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റിന്റെ ആദ്യഭാഗം മമ്മൂട്ടിക്കായി സിദ്ദിഖ് തയ്യാറാക്കിയിരുന്നു. ‘ഡോക്ടര്‍ മാഡ്’ എന്ന ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യാനിരുന്ന ചിത്രം. എന്നാൽ ആ ആഗ്രഹം ബാക്കിയാക്കിയാണ് സംവിധായകൻ വിടപറഞ്ഞത്.

കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെഫ്ക ജെനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് മരണവിവരം സ്ഥിരീകരിച്ചത്.

Noora T Noora T :