മരണം ഒരു ചതിയനെപ്പോലെ കറങ്ങി നടക്കുന്നു…ലിവര്‍ സംബന്ധമായ അസുഖമാണ് മരണകാരണം.. അദ്ദേഹം മദ്യപിക്കുന്ന ആളല്ല; വാക്കുകൾ ഇടറി താരങ്ങൾ; പ്രതികരണം ഇങ്ങനെ

സംവിധായകന്‍ സിദ്ദിഖ് വിട്ട് പോയെന്ന് ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. ജീവിതത്തിലേക്ക് തിരികെ വരാനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നതിനിടയിലാണ് വിയോഗവാര്‍ത്ത എത്തിയത്.

അദ്ദേഹത്തെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ട് വേണ്ട മലയാളികള്‍ അറിയാന്‍. മരണം എന്നും തീരാവേദനയാണെന്ന് പറഞ്ഞ് വികാരഭരിതനാവുകയായിരുന്നു ഹരിശ്രീ അശോകന്‍.

സിദ്ദിഖ് പ്രിയപ്പെട്ട സുഹൃത്തായിരുന്നു. കാപട്യങ്ങളൊന്നുമില്ലാത്ത മനുഷ്യനായിരുന്നു. തമാശ ഏറ്റവും കൂടുതല്‍ ആസ്വദിക്കുകയും നന്നായി അവതരിപ്പിക്കുകയും ചെയ്തിരുന്ന മനുഷ്യനായിരുന്നു. ചിന്തിക്കാത്തൊരു മരണമാണ്. ലിവര്‍ സംബന്ധമായ അസുഖമാണ് മരണകാരണം. അദ്ദേഹം മദ്യപിക്കുന്ന ആളല്ല, നോണ്‍ ആല്‍ക്കഹോളിക് ലിവര്‍സിറോസിസായിരുന്നു.

തന്റെ വര്‍ക്കിനെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള സംവിധായകനാണ്. എന്താണ് തനിക്ക് വേണ്ടതെന്ന് പറഞ്ഞ് നമ്മുടെ ഉള്ളിലെ കഴിവ് പുറത്തെടുപ്പിക്കും അദ്ദേഹം. രണ്ടുമൂന്ന് സിനിമകളില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു ഗണേഷ് കുമാര്‍ പ്രതികരിച്ചത്.

എന്താണ് പറയേണ്ടതെന്ന് പിടികിട്ടുന്നില്ല. കുറച്ച് നാളായിട്ട് അദ്ദേഹത്തിന് സുഖമില്ലെന്ന് അറിയാമായിരുന്നു. പക്ഷേ, അതിത്ര സീരിയസായിട്ടുള്ള സംഭവമാണെന്ന് അറിയില്ലായിരുന്നു. ഇന്നിപ്പോള്‍ കുറച്ച് മുന്‍പ് ഫേക്കായിട്ട് ചില സംഭവങ്ങള്‍ വന്നപ്പോഴും ഒന്നും സംഭവിക്കല്ലേ എന്ന് പ്രാര്‍ത്ഥിച്ചതാണ്. എന്റെ സിനിമാജീവിതത്തിന് തുടക്കത്തിന് കാരണക്കാരായ ആളാണ്. അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ റാംജി റാവുവില്‍ ചെയ്തിട്ടുള്ളത്. അദ്ദേഹവും ലാല്‍ സാറും പറഞ്ഞത്. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നുമായിരുന്നു സായ് കുമാര്‍ പറഞ്ഞത്.

ചിരിയുടെ ഗോഡ് ഫാദർ വിടവാങ്ങി. പ്രിയ സുഹൃത്ത് സിദ്ദിഖിന് ബാഷ്പാഞ്ജലികൾ. മരണം ഒരു ചതിയനെപ്പോലെ കറങ്ങി നടക്കുന്നു എന്നു തോന്നിപ്പോകുന്നുവെന്നായിരുന്നു സംവിധായകനായ വിനയൻ ഫേസ്ബുക്കിൽ എഴുതിയത്. എന്നെന്നും ഗുരുവും, വഴികാട്ടിയുമായിരുന്നു എന്റെ പ്രിയപ്പെട്ട ഇക്കയെന്നായിരുന്നു നാദിർഷ പറഞ്ഞത്. ഇത്രയും നേരത്തേ പോകരുതായിരുന്നു സിദ്ധിക്കയെന്നായിരുന്നു വിനോദ് കോവൂരിന്റെ കുറിപ്പ്.

Noora T Noora T :