കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയ്ക്ക് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് ഒരു ദിലീപ് ചിത്രം തിയേറ്ററിലെത്തുന്നത്. വോയിസ് ഓഫ് സത്യനാഥന്‍ പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊരു ദിലീപ് ചിത്രമായി വോയിസ് ഓഫ് സത്യനാഥനും മാറിക്കഴിഞ്ഞു. സിനിമ ജനങ്ങള്‍ സ്വീകരിച്ചതിനെ കുറിച്ച് ഏറ്റവും പുതിയതായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിലീപ് സംസാരിക്കുകയുണ്ടായി.
വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമ കാണാന്‍ വന്നതില്‍ ഭൂരിഭാഗവും കുടുംബ പ്രേക്ഷകരും അമ്മമാരുമാണ് എന്ന് അവതാരകന്‍ പറഞ്ഞപ്പോഴായിരുന്നു ദിലീപിന്റെ പ്രതികരണം. അവരുടെ വീട്ടിലെ ഒരാളായിട്ടാണ് എന്നെ കാണുന്നത്. സ്വന്തം മക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നതുപോലെ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന അമ്മമാരുണ്ട്. അതൊക്കെ ഞാന്‍ നേരിട്ട് അനുഭവിച്ച് അറിഞ്ഞതാണ്.
രണ്ടു വര്‍ഷത്തോളം ഞാന്‍ ഒരു ജോലിയ്ക്കും പോയിട്ടില്ല. സിനിമയുമില്ല. അപ്പോഴൊക്കെ എന്നെ പുറത്തെവിടെയെങ്കിലും കാണുമ്പോഴുള്ള അമ്മമാരുടെ സ്‌നേഹപ്രകടനം നന്നായി അനുഭവിച്ചിട്ടുണ്ട്. സ്വന്തം വീട്ടിലെ കുഞ്ഞിന് ഒരു അവസ്ഥ വരുമ്പോള്‍ ആശ്വസിപ്പിക്കുന്നതുപോലെയാണ് പലരും എന്നോട് സംസാരിച്ചത്. അവര്‍ക്ക് അറിയാം ഞാന്‍ എന്താണെന്ന്, അവരുടെ മുന്നില്‍ വളര്‍ന്നവനാണ് ഞാന്‍. മിമിക്രി കാലം മുതല്‍ കാണുന്നതാണ് അവരെന്നെ. അമ്മമാര് മാത്രമല്ല, കുട്ടികളും ചേട്ടന്മാരും ചേച്ചിമാരും എല്ലാം എനിക്ക് സ്‌നേഹം തന്നിട്ടുണ്ട്, എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട്.
അഭിനയിക്കുമ്പോള്‍ ദിലീപ് എന്ന ഞാന്‍ അനുഭവിയ്ക്കുന്ന മാനസികാവസ്ഥയും എന്റെ വേദനകളും എനിക്ക് ജനങ്ങളെ കാണിക്കാന്‍ പറ്റില്ല. അപ്പോള്‍ ഞാന്‍ കഥാപാത്രമാണ്. ഞാന്‍ രസിപ്പിയ്ക്കുന്ന ഒരു സിനിമ പ്രതീക്ഷിച്ചുവരുന്നവര്‍ക്കു മുന്നില്‍ എന്തിനാണ് സങ്കടപ്പെട്ടിരിക്കുന്നത്. എന്റെ സങ്കടം മാറ്റിവച്ച് ഞാന്‍ പെര്‍ഫോം ചെയ്യുക എന്നതാണ് അവിടെ പ്രാധാന്യം. ദിലീപ് എന്ന വ്യക്തിക്കോ അയാളുടെ സങ്കടത്തിനോ അവിടെ പ്രസക്തിയില്ല.
ഇതേ കാര്യം എന്നോട് ഒരാള്‍ ചോദിച്ചിട്ടുണ്ട്, ‘നിങ്ങള്‍ ജീവിതത്തില്‍ ഒരുപാട് കരയുന്നുണ്ട് എന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ നിങ്ങളെങ്ങനെ ഞങ്ങളെ ചിരിപ്പിക്കുന്നു’ എന്ന്. അതിന് എനിക്കുള്ള മറുപടി, എനിക്ക് നേരെ കല്ലെറിഞ്ഞത് അഞ്ചു ശതമാനം ആളുകളാണ്, ബാക്കി 95 ശതമാനവും എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചവരാണ്. അടച്ചിട്ട മുറിയില്‍ ഇരുന്ന് ഒരു ക്യാമറ ഓണ്‍ ചെയ്ത് എന്തും സംസാരിക്കാന്‍ ചിലര്‍ക്ക് പറ്റും. അവര്‍ക്ക് വായില്‍ തോന്നുന്നത് വിളിച്ചു പറയാം.
എന്നെ സംബന്ധിച്ച് എനിക്കിപ്പോള്‍ ഒന്നും പറഞ്ഞുകൂടാത്ത അവസ്ഥയാണ്. കേസ് നിലനില്‍ക്കുന്ന വിഷയത്തില്‍ സംസാരിക്കാന്‍ പാടില്ല എന്നൊരു സംഗതിയുണ്ട്. എന്നെങ്കിലും ഒരു ദിവസം എനിക്കും സംസാരിക്കാന്‍ ദൈവം ഒരു അവസരം തരും- ദിലീപ് പറഞ്ഞു