ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശം; പണി വരുന്നുണ്ട്, വിനായകനെതിരെ സിനിമാ സംഘടനകൾ നടപടിക്ക്?

വിലാപ യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന കേസിൽ നടൻ വിനായകൻ ചോദ്യം ചെയ്യലിന് ഹാജരായില്ല. വിനായകനെതിരെ നിരവധി പരാതികൾ എത്തിയതോടെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.

പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിനായകന്‍റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനെതിരെ വിനായകനും പരാതി നൽകിയിട്ടുണ്ട്. എറണാകുളം നോര്‍ത്ത് പൊലീസ് വിനായകന് ഇന്ന് നോട്ടീസ് നൽകും. ഏഴ് ദിവസത്തിനുള്ളിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും വിനായകൻ എത്താതിരുന്നതിനെ തുടർന്നാണ് പൊലീസ് നീക്കം. നോട്ടീസ് നേരിട്ട് നൽകാനാണ് ശ്രമം. വിനായകന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ നടൻ വിനായകനെതിരെ സിനിമാ സംഘടനകൾ നടപടിയെടുത്തേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത . പൊലീസിന്റെ തുടർനടപടികൾ നോക്കി തീരുമാനമെടുക്കുമെന്നാണു വിവരം. സംഭവത്തിൽ സംയുക്തമായ തീരുമാനം എടുക്കുമെന്നാണു സിനിമാ സംഘടനാ പ്രതിനിധികൾ അറിയിച്ചത്.

അതേസമയം, കേസ് എടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. തന്റെ പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അതു വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു.

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെ ആയിരുന്നു ഫെയ്സ്ബുക് ലൈവിലൂടെ വിനായകന്റെ പരാമർശം. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതോടെ നടൻ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

അതിനിടെ ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസര്‍ കൊല്ലം കുന്നത്തൂര്‍ സ്വദേശി ആര്‍.രാജേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് ശാസ്താംകോട്ട പൊലീസിന്‍റെ നടപടി. ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച പോസ്റ്റിനു താഴെ വിദ്വേഷകരമായ രീതിയിൽ പ്രതികരിച്ചതിനാണ് കേസ്. രാജേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുത്. വിനായകന്‍റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്ഐയും പ്രതികരിച്ചു.

Noora T Noora T :