അച്ഛന് അപകടം പറ്റിയെന്ന് അനൂപേട്ടനാണ് പറഞ്ഞത്.. ആദ്യം ഞാൻ പ്രാങ്കാണെന്നൊക്കെ കരുതി, അമ്മയോട് പറയാൻ എനിക്ക് ധൈര്യമില്ലായിരുന്നു; സുധിയുടെ മകൻ മനസ്സ് തുറക്കുന്നു

സുധിയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും. കുടുംബമെന്നാല്‍ ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു.

സുധിയുടെ മരണം ഏറ്റവും കൂടുതൽ ബാധിച്ചവരിൽ ഒരാൾ താരത്തിന്റെ മൂത്തമകൻ രാഹുലാണ്സുധിയുടെ വേർപാടോടെ രേണുവിനും കുഞ്ഞിനും താങ്ങായി നിൽക്കുന്നത് രാഹുലാണ്. അച്ഛൻ ഇല്ലെന്ന് കരുതി അമ്മ തന്നെ ഒഴിവാക്കിയിട്ടില്ലെന്നും അവരുടെ സ്നേഹം ഇപ്പോഴും ലഭിക്കുന്നത് കൊണ്ടാണ് അവർക്കൊപ്പം താൻ താമസിക്കുന്നെതെന്നും പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നും പറയുകയാണ് രാഹുൽ‌.

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പൊതുവെ സ്റ്റേജ് ഷോകൾക്ക് പോകുമ്പോൾ സുധിക്കൊപ്പം രാഹുലും ഉണ്ടാകും. കുഞ്ഞായിരുന്നപ്പോൾ മകനെ സ്റ്റേജിന് പിറകിൽ ഉറക്കി കിടത്തി സ്കിറ്റ് കളിക്കേണ്ട സാഹചര്യം വരെയുണ്ടായിരുന്നുവെന്ന് സുധി തന്നെ മുമ്പ് വെളിപ്പെടുത്തിയിരുന്നു. രാഹുൽ കുഞ്ഞായിരിക്കുമ്പോഴാണ് ആദ്യ ഭാര്യ സുധിയെ ഉപേക്ഷിച്ച് പോയത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സുധിയും രേണുവും പ്രണയിച്ച് വിവാഹിതരായത്. അച്ഛൻ കൂടെയില്ലെന്നൊരു തോന്നലില്ലെന്നും രേണു തനിക്ക് രണ്ടാനമ്മയല്ല… അമ്മ തന്നെയാണെന്നും രാഹുൽ പറയുന്നു.

‘അച്ഛൻ കൂടെയില്ലെന്നൊരു തോന്നലില്ല. അച്ഛന് അപകടം പറ്റിയെന്ന് അനൂപേട്ടനാണ് ആദ്യം പറഞ്ഞത്. അപകടം സംഭവിച്ചു… പക്ഷെ അച്ഛനെ രക്ഷിക്കാൻ പറ്റിയില്ലെന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്. ആദ്യം ഞാൻ പ്രാങ്കാണെന്നൊക്കെ കരുതി. അമ്മയോട് പറയാനും എനിക്ക് ധൈര്യമില്ലായിരുന്നു. മരണ വാർത്ത കേട്ടശേഷം ചുറ്റും നടക്കുന്നതൊന്നും മനസിലായില്ല.’ ‘എന്തൊക്കയോ ചെയ്തുവെന്ന് മാത്രം. ആദ്യം ട്രെയിനിൽ പോകാനായിരുന്നു അച്ഛൻ തീരുമാനിച്ചിരുന്നത്. പിന്നീടാണ് കാറിലാണ് പോകുന്നതെന്ന് അറിയിച്ചത്. അച്ഛനാണ് എന്നോട് വരണ്ടെന്ന് പറഞ്ഞത്. സാധാരണ ഞാനും അച്ഛനൊപ്പം പോകാറുള്ളതായിരുന്നുവെന്നും’, രാഹുൽ പറയുന്നു.

‘യാത്ര തിരിക്കും മുമ്പ് വിളിച്ചിരുന്നുവെന്നും അ‍ഞ്ച് മണിക്കൂർ കൊണ്ട് എത്താമെന്ന് പറഞ്ഞ് വെച്ചതാണെന്നും പുലർച്ചെ വിളിച്ചപ്പോൾ അച്ഛൻ കോൾ എടുത്തില്ലെന്നും’, രാഹുൽ പറയുന്നു. കൊല്ലം സുധിയുടെ മരണശേഷം സോഷ്യൽമീഡിയയിൽ വരുന്ന ചില കമന്റുകളും വാർത്തകളും അമ്മ രേണുവിനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്നും രാഹുൽ പറയുന്നു. ‘ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് രേണു അമ്മ വന്നത്. അമ്മയെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി. അപ്പോൾ തന്നെ ഈ അമ്മ മതിയെന്ന് ഞാൻ അച്ഛനോട് പറഞ്ഞു. എനിക്ക് കിട്ടാത്ത സ്നേഹം രേണു അമ്മ തന്നു. രണ്ടാനമ്മയൊന്നും അല്ല സ്വന്തം അമ്മ തന്നെയാണ്. ആ സ്നേഹത്തിന് ഇപ്പോഴും കുറവില്ല. അച്ഛൻ‌ നല്ലൊരു ഫാമിലിയെ എനിക്ക് തന്നിട്ടാണ് പോയത്.’ ‘മോശം കമന്റ് കണ്ട് അമ്മ സങ്കടപ്പെടുമ്പോൾ ഞാൻ ആശ്വസിപ്പിക്കാറുണ്ട്. കോട്ടയത്ത് നിൽക്കാനാണ് എനിക്കും അച്ഛനും എന്നും ഇഷ്ടം. അച്ഛന്റെ ആഗ്രഹങ്ങളെല്ലാം സാധ്യമാക്കണമെന്ന് ആഗ്രഹമുണ്ടെന്നും’, രാഹുൽ പറയുന്നു.

സുധിയുടെ ആദ്യ വിവാഹത്തിലെ മകനാണ് രാഹുൽ. കുട്ടിക്ക് ഒന്നരവയസുള്ളപ്പോഴാണ് സുധിയെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാൾക്കൊപ്പം പോകുന്നത്. ഇതിനു ശേഷം ഏറെ കഷ്ടപ്പെട്ടാണ് സുധി തന്റെ മകനെ വളർത്തിയത്. അമ്മ ഉപേക്ഷിച്ചു പോയപ്പോളും അമ്മയെ പോലെ നെഞ്ചോട് ചേർത്താണ് സുധി മൂത്തമകൻ രാഹുലിനെ വളർത്തിയത്. ഒന്നരവയസ്സുള്ളപ്പോഴാണ് രാഹുൽ അച്ഛന്റെ ഒപ്പം സ്റ്റേജുകളിലും എത്തി തുടങ്ങുന്നത്. അന്ന് മുതൽ ഇന്ന് വരെ അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ആയിരുന്നു സുധിയും രാഹുലും തമ്മിൽ ഉണ്ടായിരുന്നത്.

Noora T Noora T :