സംസ്ഥാനത്തെ സിനിമ തിയേറ്ററുകൾ ഇന്നും നാളെയും അടച്ചിടും

സംസ്ഥാനത്തെ സിനിമ തിയേറ്ററുകൾ ഇന്നും നാളെയും അടച്ചിടും. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിലാണ് തീരുമാനം. 2018 സിനിമ കരാർ ലംഘിച്ച് ഒടിടിയ്ക്ക് നേരത്തെ നൽകിയതാണ് പ്രതിഷേധത്തിനു കാരണമായത്. സുചന പണിമുടക്കെന്ന രീതിയിലായിരിക്കും തിയേറ്ററുകൾ അടച്ചിടുക. ഇന്നും നാളെയുമായ തിയേറ്ററുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത ആളുകൾക്ക് പണം തിരികെ നൽകുമെന്നും ഉടമകൾ പറയുകയുണ്ടായി. രണ്ട് ദിവസത്തേത് സൂചന പണിമുടക്കാണെന്നും അത് കഴിഞ്ഞ് 20 ദിവസത്തിനകം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ ഇതുമായി ബന്ധപ്പെട്ട സംഘടനാതലത്തിലോ ഒരു തീരുമാനം ഉണ്ടായില്ലെങ്കില്‍ തിയേറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്നും കെ. വിജയകുമാര്‍ പറഞ്ഞു.

ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. എന്നാല്‍ ‘2018’, ‘പാച്ചുവും അത്ഭുതവിളക്കും’ തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുന്ന 2018 എന്ന സിനിമ ഇത്തരത്തില്‍ ധാരണ ലംഘിച്ച് ഒ.ടി.ടിക്ക് കൊടുത്തതാണ് പെട്ടെന്നുള്ള പ്രതിഷേധത്തിലേക്ക് തിയേറ്റര്‍ ഉടമകളെ എത്തിച്ചത്. മെയ് 5ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ജൂണ്‍ ഏഴിനാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത്.

ഈ വര്‍ഷം മലയാളത്തില്‍ റിലീസ് ചെയ്ത സിനിമകള്‍ മിക്കതും പരാജയങ്ങളായിരുന്നു. 70ല്‍ അധികം സിനിമകള്‍ ഇതുവരെ റിലീസ് ചെയ്‌തെങ്കിലും 2018 എന്ന സിനിമയും ‘രോമാഞ്ച’വും മാത്രമേ തിയേറ്ററില്‍ വിജയം നേടിയിട്ടുള്ളു. അതിനാല്‍ തന്നെ തകര്‍ച്ചയുടെ വക്കിലായിരുന്നു മലയാള സിനിമ.

പ്രതിസന്ധിയിലായിരുന്ന മലയാള സിനിമയ്ക്ക് ആശ്വാസം പകര്‍ന്നു കൊണ്ടാണ് 2018 എത്തിയത്. 160 കോടിക്ക് മുകളില്‍ കളക്ഷനാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും നേടിയത്. തിയേറ്ററില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന തീരുമാനത്തിനെതിരെ തിയേറ്ററുടമകള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

Noora T Noora T :